ഇടുക്കി: അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കിയ കെ എസ് ഇ ബി ഭൂമിയിൽ ഒരു വര്‍ഷം തികയും മുമ്പ് വീണ്ടും കയ്യേറ്റം. ഇടുക്കി ആനയിറങ്കല്‍ ജലാശത്തിനോട് ചേര്‍ന്നുള്ള രണ്ടേക്കറോളം വരുന്ന കെ എസ് ഇ ബി ഭൂമിയാണ് വീണ്ടും കയ്യേറി ഏലം കൃഷി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 തീയതിയാണ് ആനയിറങ്കല്‍ ജലാശത്തിന്‍റെ ഭാഗമായ കെ എസ് ഇ ബി ഭൂമിയിൽ റവന്യൂവകുപ്പിന്‍റെ നേതൃത്വത്തില്‍ കയ്യേറ്റം ഒഴിപ്പിച്ചത്.
അന്ന് ബോര്‍ഡ് സ്ഥാപിച്ച് അധികൃതര്‍ പോയതിന് പിന്നാലെ കൈയ്യേറ്റക്കാരും തിരികെയെത്തി . അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡ് ഇവിടെയില്ല. പകരം രണ്ടേക്കറോളം വരുന്ന ഭൂമി വേലി കെട്ടിത്തിരിച്ച് ഏലം കൃഷിയാക്കിമാറ്റി. ചിന്നക്കനാല്‍ വില്ലേജ് ഓഫിസറുടെ അന്വേഷണത്തില്‍ കണ്ടെത്തിയ കൈയ്യേറ്റം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ ഭൂമി ഏറ്റെടുത്ത് കെ എസ് ഇ ബിയ്ക്ക് കൈമാറി.
Also read: റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ അനധികൃത മരം മുറിക്കലെന്ന് ആരോപണം
എന്നാല്‍ ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുന്നതിൽ വൈദ്യുത വകുപ്പ് വേണ്ട നടപടി സ്വീകരിച്ചില്ല. ജലാശയത്തിൽ ജലനിരപ്പിനോട് ചേർന്നാണ് കൃഷി ചെയ്‌തിരിക്കുന്നത്. ദ്വീപിന് സമാനമായ പ്രദേശം പൂര്‍ണമായും കൈയ്യടക്കിയിരിക്കുകയാണ് .