ഇടുക്കി:ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷം പൊന്മുടി ഡാം ടോപ്പ് റോഡിന് ശാപമോക്ഷമാകുന്നു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. റോഡ് ടാറിങിനായി കെ.എസ്.ഇ.ബിയാണ് ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചത്.
കെ എസ് ഇ ബിയുടെ ഉടമസ്ഥതയിലുള്ള ഭാഗത്തുകൂടി കടന്നുപോകുന്ന പൊന്മുടി ഡാം ടോപ്പ് റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു. ഈ വഴി സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകളടക്കം സര്‍വ്വീസ് പന്നിയാര്‍കൂട്ടിയില്‍ നിന്നും കുളത്തറകുഴി വഴിമാറ്റിയിരുന്നു. ഇതോടെ കൊന്നത്തടിയില്‍ നിന്നും രാജാക്കാട് അടിമാലി മേഖലകളിലേക്ക് പോകേണ്ടവര്‍ കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പ്രദേശവാസികളും വിദ്യാർഥികളും യാത്രാക്ലേശം വർധിച്ചതിനെ തുടർന്ന് മന്ത്രി എം.എം മണിക്ക് നിവേദനം നല്‍കിയിരുന്നു. പൊന്മുടിയില്‍ ടൂറിസം പദ്ധതി ആരംഭിച്ചതോടെ സഞ്ചാരികളുടെ കടന്ന് വരവ് വർധിച്ച സാഹചര്യത്തിലാണ് അടിയന്തരമായി റോഡ് നിര്‍മ്മിക്കുന്നതിന് കെ എസ് ഇ ബി ഫണ്ട് അനുവദിച്ചത്.
പൊന്മുടി തൂക്കുപാലം കവലയില്‍ നിന്നും പൊന്മുടി സിറ്റി വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരമാണ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുന്നത്. അതേ സമയം കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാരും ടാക്‌സി തൊഴിലാളികളും. ടെണ്ടർ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. റോഡ് ഗതാഗതയോഗ്യമാകുന്നതോടെ കൊന്നത്തടി പൊന്മുടി മേഖലയിലുള്ള നൂറ്കണക്കിന് കുടുംബങ്ങളുടെ യാത്രാ ക്ലേശത്തിനും പരിഹാരമാകും.