ഇടുക്കി: ഒമ്പത് മാസത്തെ കാത്തിരുപ്പിന് ശേഷം കൊളുക്കുമലയിലേക്കുള്ള ജീപ്പ് സവാരി പുനഃരാരംഭിച്ചു.കൊവിഡ് പ്രതിസന്ധി മാറിയിട്ടും കൊളുക്കുമല തുറക്കാത്തതിനാല്‍ പ്രതിസന്ധിയിലായ ജീപ്പ് ഡ്രൈവര്‍മാരുടെ വാര്‍ത്ത കഴിഞ്ഞ ദിവസം ഇടിവി ഭാരത് പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഡിറ്റിപിസി കൊളുക്കുമലയിലേക്കുള്ള ജീപ്പ് സവാരി കര്‍ശന നിയന്ത്രണങ്ങളോടെ പുനഃരാരംഭിച്ചത്.
ജീപ്പ് സവാരി നടത്തുന്നതിലൂടെ വരുമാനം കണ്ടെത്തി കുടുംബം പുലര്‍ത്തിയിരുന്ന നൂറിലധികം വരുന്ന ടാക്സി തൊഴിലാളികള്‍ കഴിഞ്ഞ ഒമ്പത് മാസമായി പട്ടിണിയുടെ നടുവിലായിരുന്നു. ഇതോടൊപ്പം വ്യാപാര മേഖലയും വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളും ഉപജീവന മാര്‍ഗം നിലച്ച് ദുരിതത്തിലായിരുന്നു. വിലക്ക് നീങ്ങി വിനോദ സഞ്ചാര മേഖല തുറന്നത് പ്രതീക്ഷ നല്‍കിയെങ്കിലും കൊളുക്കുമല അതിര്‍ത്തി പ്രദേശമായതിനാല്‍ തുറന്നിരുന്നില്ല.
കാലങ്ങളുടെ കാത്തിരുപ്പിന് ശേഷം ജീപ്പ് സവാരി പുനരാരംഭിച്ചതോടെ വലിയ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് നാട്ടുകാര്‍. കൊളുക്കുമലയിലെ ഉദയവും അസ്തമയവും ആസ്വദിക്കാന്‍ സഞ്ചാരികളും എത്തിത്തുടങ്ങി. മറക്കാനാകാത്ത അനുഭവമാണ് കൊളുക്കമലയെന്ന് സഞ്ചാരികളും പറയുന്നു. കാലങ്ങളായി ആളൊഴിഞ്ഞ് കിടന്നിരുന്ന ചിന്നക്കനാല്‍ സൂര്യനെല്ലി മേഖല കൊളുക്കുമല തുറന്നതോടെ വലിയ പ്രതീക്ഷയിലാണ്. ക്രിസ്‌മസ് കാലത്ത് ഇവിടം സഞ്ചാരികളാല്‍ സമ്പന്നമാകുമെന്ന പ്രതീക്ഷയിലാണ് ചിന്നക്കനാല്‍.