ഇടുക്കി: സി.വി വര്‍ഗീസിന് മറുപടിയുമായി സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍. എം.എം മണിയ്ക്ക് കിട്ടേണ്ടത് കിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ല. അത് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാം. മണിയുടെ അറസ്റ്റിനെ അപലപിച്ച പാര്‍ട്ടിയാണ് സി.പി.ഐയെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.
എംഎം മണിയുടെ അറസ്റ്റിലേയ്ക്ക് നയിച്ച പ്രസംഗം ചാനലുകള്‍ക്ക് എത്തിച്ച് നല്‍കിയത് സി.പി.എമ്മിനുള്ളിലുള്ളവര്‍ തന്നെയാണ്. തനിക്കെതിരേയുള്ള പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. സി.പി.എമ്മിനെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. താന്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന സി.വി വര്‍ഗീസിന്‍റെ പരാമർശം പിന്‍വലിക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.ഐ ജില്ല സെക്രട്ടറിയ്ക്കെതിരെ സി.പി.എം ജില്ല സെക്രട്ടറി സി.വി വര്‍ഗീസ് ആരോപണം ഉന്നയിച്ചതാണ് വിവാദമായത്. മണക്കാട്ടെ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ എം.എം മണിയെ അറസ്റ്റുചെയ്‌ത സമയത്ത് മണിക്ക് കിട്ടേണ്ടത് കിട്ടിയെന്ന പരാമര്‍ശം നടത്തിയ ആളാണ് ശിവരാമനെന്നായിരുന്നു സി.വി വര്‍ഗീസിന്‍റെ ആരോപണം. കൊലപാതക രാഷ്ട്രീയ പരാമര്‍ശത്തില്‍ ഇടുക്കിയില്‍ സി.പി.ഐ, സി.പി.എം വാക്പോര് മുറുകുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
മണക്കാട്ടെ വിവാദ പ്രസംഗം 2012 മേയില്‍
കൊലപാതക രാഷ്ട്രീയ പരാമര്‍ശത്തില്‍ ഇതുവരെ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ല. ഭൂമി പ്രശ്‌നങ്ങളടക്കം പരിഹരിക്കുന്നതിന് ഇടുക്കിയില്‍ ഇടതുപക്ഷം ഒന്നിച്ച് നിന്ന് പോകുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങള്‍ എല്‍.ഡി.എഫ് ചേര്‍ന്ന് ചര്‍ച്ച ചെയ്‌ത് പരിഹരിക്കണമെന്ന ആവശ്യവും ഒരു വിഭാഗം എല്‍.ഡി.എഫ് നേതാക്കള്‍ മുന്‍പോട്ട് വയ്ക്കുന്നുണ്ട്.
2012 മേയ് 25 നായിരുന്നു എം.എം മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണി പറഞ്ഞത്. ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണ് പ്രസംഗത്തിൽ പരാമർശിച്ചത്.
ALSO READ | മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കല്‍; അന്വേഷണം നിലച്ചതായി സുന്ദര ഇടിവി ഭാരതിനോട്