ഇടുക്കി: കുരുവിള സിറ്റിയില്‍ അടഞ്ഞുകിടക്കുന്ന കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കണമെന്ന ആവശ്യം ശക്തമാവുന്നു. വ്യാവസായിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിര്‍മ്മിച്ച കെട്ടിടത്തിന് 72,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കൊവിഡ് ചികിത്സാകേന്ദ്രമായാല്‍ അഞ്ച് പഞ്ചായത്തുകള്‍ക്ക് ആശ്രയമാകുമെന്നാണ് വിലയിരുത്തല്‍.
കെട്ടിടത്തിന് മാത്രം വൈദ്യുതിയ്ക്കായി ട്രാന്‍സ്ഫോര്‍മര്‍ സംവിധാനവും ഇന്‍വെര്‍ട്ടറും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച അപ്പാരല്‍ പാര്‍ക്കില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്റര്‍ ആരംഭിച്ചാല്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നീ അഞ്ച് പഞ്ചായത്തുകള്‍ക്ക് പ്രയോജനകരമാകും. കൊവിഡ് വ്യാപനം അനുദിനം അനിയന്ത്രിതമായി വര്‍ധിച്ച് വരുന്ന സാചര്യമാണ് നിലവില്‍.
കൂടുതല്‍ വായനയ്ക്ക്: നെടുങ്കണ്ടം പഞ്ചായത്ത് ഡൊമിസിലിയറി കൊവിഡ് കെയർ സെന്‍റർ പ്രവർത്തനം ആരംഭിച്ചു
2011 ഫെബ്രുവരിയിലാണ് അപ്പാരല്‍ പാര്‍ക്കിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. അഞ്ചുകോടിരൂപ കെട്ടിട നിര്‍മ്മാണത്തിനും, ഒരു കോടി രൂപ യന്ത്രസാമഗ്രികള്‍ക്കും ഉള്‍പ്പെടെ ആറുകോടി രൂപയാണ് ചെലവ്. 2012 മാര്‍ച്ചില്‍ പണികള്‍ പൂര്‍ത്തീകരിച്ചെങ്കിലും കെട്ടിടം ലേലം ചെയ്ത് നല്‍കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനാല്‍ ആറ് വര്‍ഷമായി പാഴായി കിടക്കുകയായിരുന്നു. തമിഴ്നാട്ടിലെ തുണി കമ്പനി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് പൂട്ടുകയായിരുന്നു. നിലവില്‍ കോടികള്‍ മുടക്കിയ കെട്ടിടം കാടുകയറി അനാഥമായ അവസ്ഥയിലാണ്.