കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. എല്ലാ പ്രതികള്‍ക്കും കൊലപാതകത്തിന് ജീവപര്യന്തവും 35,000 രൂപ പിഴയും ചുമത്തി. അതിക്രമിച്ച് കയറി വീട് തകര്‍ക്കല്‍, തട്ടികൊണ്ട് പോയി കൊലപ്പെടുത്തുക എന്നതില്‍ ഒന്നും മൂന്നും പ്രതികള്‍ ഒഴികെയുള്ളവര്‍ക്ക് അഞ്ച് വര്‍ഷം തടവും 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടക്കാത്തപക്ഷം പ്രതികളുടെ വാഹനങ്ങൾ ലേലം ചെയ്‌ത് തുക കണ്ടെത്താനും കോടതി നിര്‍ദേശിച്ചു.
പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും ഈ കാലയളവില്‍ അനുഭവിച്ചാല്‍ മതി. പ്രതികളുടെ പ്രായവും മുമ്പ് ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടിട്ടില്ലെന്നതും കുടുംബ പശ്ചാത്തലവും കണക്കിലെടുത്താകാം വധശിക്ഷയിൽ നിന്നും പ്രതികളെ ഒഴിവാക്കിയതെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. ഒരു ലക്ഷം രൂപ മുഖ്യ സാക്ഷി അനൂപിന് നല്‍കണം. ബാക്കി തുക കെവിന്‍റെ ഭാര്യ നീനുവിനും കെവിന്‍റെ അച്ഛനും നല്‍കണം. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
അതെസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് പ്രതിഭാഗം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ശിക്ഷാ വിധിയില്‍ പൂര്‍ണ തൃപതനല്ലെന്ന് കെവിന്‍റെ പിതാവ് പറഞ്ഞു.
കേസിൽ ഒന്നാം പ്രതി നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, മൂന്നാം പ്രതി ഇഷാന്‍ ഇസ്മയില്‍, നാലാം പ്രതി റിയാസ്, ആറും ഏഴും പ്രതികളായ മനു മുരളീധരൻ, ഷിഫിൻ, എട്ടാം പ്രതി നിഷാദ് ഒമ്പതാം പ്രതി ടിറ്റു ജറോം പതിനൊന്നും പന്ത്രണ്ടും പ്രതികളായ ഫാസില്‍ ഷെരീഫ്, ഷാനു ഷാജഹാൻ എന്നിവർക്കെതിരെ കൊലപാതകം, ഗൂഢാലോചന, ഭവനഭേദനം, അക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, തടഞ്ഞുവെക്കൽ, നാശനഷ്ടമുണ്ടാക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവം ചൂണ്ടിക്കാട്ടി അഞ്ചാം പ്രതിയും നീനുവിന്‍റെ പിതാവുമായ ചാക്കോയെയും പത്ത്, പതിമൂന്ന്, പതിനാല് പ്രതികളായ വിഷ്‌ണു, ഷിനു, റെന്നിസ് എന്നിവരെയും കേസിൽ നിന്ന് ഒഴിവാക്കി.