ഇടുക്കി:കേരളോത്സവം - 2019ന്റെ നടത്തിപ്പിനായി കട്ടപ്പന നഗരസഭയിൽ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കട്ടപ്പന നഗരസഭ ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
നവംബർ 9, 10 തീയതികളിലാണ് കട്ടപ്പന ഗവൺമെന്‍റ് കോളജ്, ട്രൈബൽ സ്കൂൾ, സെന്റ് ജോർജ് സ്കൂൾ എന്നിവിടങ്ങളിൽ കലാകായിക- മത്സരങ്ങൾ നടത്തുന്നത്. കട്ടപ്പന നഗരസഭാ പരിധിയിലെ 15 നും 40നും ഇടയിൽ പ്രായമുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് നവംബർ ഒന്നു മുതൽ ഏഴുവരെ നഗരസഭാ ഓഫീസിലോ ഓൺലൈൻ മുഖേനയോ പേര് രജിസ്റ്റർ ചെയ്യാം. റോഷി അഗസ്റ്റിൻ എം.എൽ.എയും ജില്ലയുടെ ചാർജുള്ള സംസ്ഥാന യുവജനക്ഷേമ ബോർഡംഗത്തെയും രക്ഷാധികാരികളായും നഗരസഭാ ചെയർമാനെ പ്രോഗ്രാം ചെയർമാനായും തെരഞ്ഞെടുത്തു.
നഗരസഭാ സെക്രട്ടറി കൺവീനറുമായുള്ള സ്വാഗത സംഘത്തിൽ നഗരസഭാ കൗൺസിലർമാർ, വിവിധ ക്ലബ്ബുകൾ, യുവജന സംഘടനകൾ, കലാ-സാംസ്കാരിക സംഘടനകൾ, കുടുംബശ്രീ, സി.ഡി.എസ്, എ.ഡിഎസ് ഭാരവാഹികൾ എന്നിവരും പരിപാടിയ്ക്ക് നേതൃത്വം നൽകും. കായിക അധ്യാപകർ, വിവിധ മേഖലകളിൽ നിന്നുള്ളവർ, മറ്റംഗങ്ങളും കമ്മിറ്റിയിലുണ്ട്. സ്വാഗത സംഘത്തിനു കീഴിൽ കല, കായികം, ഗെയിംസ് എന്നീ മൂന്ന് സബ് കമ്മിറ്റികളും രൂപീകരിച്ചു.