ഇടുക്കി: തുടരെ തുടരെ ഉണ്ടാകുന്ന ഇന്ധനവില വര്‍ധനവില്‍ നട്ടം തിരിഞ്ഞ് സ്വകാര്യ ബസ് മേഖല. കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ബസ് യാത്രികരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. സ്‌പെയര്‍പാട്‌സിനും വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവിലെ അവസ്ഥയില്‍ സ്വകാര്യ ബസ് മേഖലയ്ക്ക് അധികനാള്‍ മുന്നോട്ട് പോകാനാവില്ലെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു.
'സർവീസ് നിർത്തുകയാണ്'
കൊവിഡ് ആശങ്ക പരന്നത് മുതല്‍ സ്വകാര്യ ബസ് മേഖല മുന്നോട്ട് പോകാന്‍ കിതയ്ക്കുകയാണ്. ഇന്ധനവിലയില്‍ അടിക്കടി വര്‍ധനവ് ഉണ്ടാവുക കൂടി ചെയ്‌തതോടെ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി. കൊവിഡിന്‍റെ ആരംഭ ഘട്ടത്തില്‍ 150ന് മുകളില്‍ സ്വകാര്യ ബസുകള്‍ അടിമാലി മേഖലയില്‍ മാത്രം സര്‍വീസ് നടത്തിയിരുന്നു. പിന്നീടിങ്ങോട്ട് വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തിലും കുറവ് സംഭവിച്ചു.
പകുതിയില്‍ താഴെ ബസ് സര്‍വീസുകള്‍ മാത്രമാണിപ്പോള്‍ നടന്നു വരുന്നതെന്ന് അടിമാലി ബസ് ഓപ്പറേററ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സ്റ്റാന്‍ലി അഗസ്റ്റിന്‍ പറഞ്ഞു. വരുമാനം കുറഞ്ഞുവെന്നതിനൊപ്പം സര്‍വീസ് നടത്താനാവശ്യമായ ചിലവും വര്‍ധിച്ചതോടെ സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നവരുടെ അവസ്ഥയും പരുങ്ങലിലാണ്.
'ജീവിക്കാൻ മറ്റ് വഴി തേടുന്നു'
ചിലരൊക്കെ മറ്റ് മേഖലകളിലേക്ക് ചേക്കേറി കഴിഞ്ഞു. പകുതി വേതനത്തില്‍ തൊഴിലെടുക്കുന്നവരുമുണ്ട്. കൊവിഡ് കാലത്ത് ആളുകള്‍ കൂടുതലായി ചെറുവാഹനങ്ങള്‍ വാങ്ങിയതും സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടിയായതായി ഉടമകള്‍ പറയുന്നു.
Also read: സ്വകാര്യ, ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതിയിളവ്, തൊഴിലുറപ്പിനും സർക്കാർ സഹായം