ഇടുക്കി: പച്ചക്കൊളുന്തിന്‍റെ വിലയിടിഞ്ഞതോടെ ഇടുക്കിയിലെ ചെറുകിട തേയില കർഷകർ ദുരിതത്തിൽ. ഒരു കിലോ പച്ചക്കൊളുന്തിന് 14 രൂപയാണ് വില. ഇടനിലക്കാർ വില ഇടിക്കുന്നുവെന്നാണ് കർഷകരുടെ ആരോപണം.
ആറ് മാസം മുൻപ് ഒരു കിലോയ്ക്ക് 24 രൂപയായിരുന്നു വില. എന്നാൽ കഴിഞ്ഞ മാസം 18 ആയി കുറഞ്ഞ വില ഇപ്പോൾ 14 രൂപയിലേക്ക് കൂപ്പുകുത്തി. ചില ഇടങ്ങളിൽ 13 രൂപയ്ക്കാണ് ഇടനിലക്കാർ കർഷകരിൽ നിന്ന് കൊളുന്ത് എടുക്കുന്നത്.
വന്‍കിട ഫാക്‌ടറികളുടെയും ഇടനിലക്കാരുടെയും ചൂഷണമാണ് കര്‍ഷകരെ വലയ്‌ക്കുന്നത്. ഗുണനിലവാരം കുറവാണെന്ന് പറഞ്ഞ് ഇടനിലക്കാർ കൊളുന്തിന്‍റെ വില ഇടിക്കുന്നുവെന്നാണ് കർഷകർ പറയുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ മാസം വരെ കൊളുന്ത് ഉത്പാദനം കുറവായിരുന്നു.
കാലാവസ്ഥ അനുകൂലമായതോടെ ഉത്പാദനം കൂടി. എന്നാൽ ഇപ്പോൾ കൊളുന്തിന് വില ഇല്ലാത്ത അവസ്ഥയാണ്. കൊളുന്ത് നുള്ളാൻ എത്തുന്ന തൊഴിലാളികൾക്ക് കുറഞ്ഞത് 450 രൂപ കൂലി കൊടുക്കണം.
ഇതിനോടൊപ്പം കീടബാധയും കൂടി ആയപ്പോൾ കർഷകർ വലയുകയാണ്. വളത്തിനും കീടനാശിനിക്കും വില വർധിക്കുകയും ചെയ്‌തതോടെ കർഷകരുടെ അവസ്ഥ ദുരിതത്തിലായി. കൊളുന്ത് വില ഏകീകരിക്കാൻ സർക്കാരും ടീ ബോർഡും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.