ഇടുക്കി: സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തെ 115 എയ്‌ഡഡ് സ്‌കൂളുകളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് (എസ്‌പിസി) യൂണിറ്റുകള്‍ക്ക് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂള്‍ എന്ന വ്യത്യാസമില്ലാതെ എല്ലാ എസ്‌പിസി യൂണിറ്റുകള്‍ക്കും കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് തുക അനുവദിക്കാനാണ് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്.
2014 മുതല്‍ ഫണ്ട് അനുവദിച്ച എയ്‌ഡഡ് സ്‌കൂളിലെ എസ്‌പിസി യൂണിറ്റുകള്‍, ഫണ്ട് ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. പദ്ധതി അനുവദിക്കുന്ന സമയത്ത് അഞ്ച് ലക്ഷം രൂപ സ്‌കൂളുകളോട് നിക്ഷേപിക്കുവാനും ഈ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുവാനുമായിരുന്നു നിര്‍ദേശം. എന്നാല്‍ ഓരോ രണ്ട് വര്‍ഷം പിന്നിടുമ്പോളും അഞ്ച് ലക്ഷം രൂപ വീതം കണ്ടെത്തേണ്ട ബാധ്യത എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തി.
സംസ്ഥാനത്തെ 115 സ്‌കൂളുകളിലെ എസ്‌പിസി യൂണിറ്റുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്ന സാഹചര്യത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍. സ്‌കൂളുകള്‍ക്ക് നിലവിലുള്ള ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്‌തു. ഇനി മുതല്‍ സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂള്‍ എന്ന വ്യത്യാസമില്ലാതെ ഫണ്ട് അനുവദിയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇതുവരെ ഓരോ രണ്ടുവര്‍ഷം കൂടുമ്പോള്‍ അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ചേര്‍ന്നാണ് പല സ്‌കൂളുകളിലും എസ്‌പിസി യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തിനായി തുക കണ്ടെത്തിയതെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരമായതിന്‍റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂള്‍ അധികൃതരും വിദ്യാർഥികളും.
Also read: മലയാളി വ്ളോഗര്‍ റിഫയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ