ഇടുക്കി:മലയോരമണ്ണിൻ്റെ മഞ്ഞിലും തണുപ്പിലും സാഹസികർക്കു ആവേശം പകർന്ന് ഓഫ് റോഡ് മത്സരങ്ങൾ സംഘടിപ്പിച്ചു. കേരളാ അഡ്‌വെഞ്ചര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശാന്തമ്പാറ ഗൂഡംപാറ എസ്‌റ്റേറ്റിലാണ് സാഹസിക മത്സരങ്ങൾ നടത്തിയത്. ദേശീയതലത്തിൽ നടത്തിയ മത്സരങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി മത്സരാർഥികള്‍ പങ്കെടുത്തു. ഗൂഡംപാറ എസ്റ്റേറ്റില്‍ കാടുപിടിച്ച് കിടന്ന മല വെട്ടിത്തെളിക്കാതെയാണ് ട്രാക്ക് ഒരുക്കിയത്.
കുത്തിറക്കവും കൊടും വളവുകളും നിറഞ്ഞ ട്രാക്കിലൂടെ വേഗതയില്‍ പായുന്ന വാഹനങ്ങളുടെ കാഴ്ച കാണികള്‍ക്കും ഹരം നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറിലധികം വാഹനങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഒരേ സമയം പത്ത് ട്രാക്കുകളിലായി വിവിധ ഇനങ്ങളില്‍ ആറോളം മത്സരങ്ങള്‍ നടത്തി. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കായി പ്രത്യേകം ട്രാക്കുകള്‍ ഒരുക്കിയിരുന്നു.