ഇടുക്കി: ഇടുക്കിയിലെ മലനിരകളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയ മലയാളിയെ തേടിയെത്തിയത് അന്താരാഷ്ട്ര അംഗീകാരം. ലോകത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ കെടിഎം ബൈക്ക് റൈഡർമാർക്കായി സംഘടിപ്പിച്ച അന്താരാഷ്ട്ര മത്സരത്തിലെ പത്ത് വിജയികളില്‍ ഒരാളായി രാജാക്കാട് കൊന്നത്തടി സ്വദേശിയായ കെഡി സോളമൻ. ബൈക്ക് റൈഡർമാർക്ക് അവരുടെ യാത്രകൾ അള്‍ട്ടിമേറ്റ് ഡ്യൂക്ക് റൈഡ് മത്സരത്തിലെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് അയച്ചു കൊടുക്കാം. അങ്ങനെ ലോകത്തെമ്പാടുമുള്ള 1500 റൈഡർമാരില്‍ നിന്നാണ് പത്ത് വിജയികളെ കെടിഎം തെരഞ്ഞെടുത്തത്.
ഇടുക്കിയിലെ ഓഫ് റോഡ് പാതകളിലൂടെ കെടിഎം 200 മോഡല്‍ ബൈക്കിലുള്ള യാത്രയാണ് സോളമന് അന്താരാഷ്ട്ര അംഗീകാരം ലഭ്യമാക്കിയത്. ഇന്ത്യയില്‍ നിന്ന് സോളമനെ കൂടാതെ ഉത്തരേന്ത്യൻ സ്വദേശിയായ ബർണാഡും പത്ത് പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു.
READ MORE: മഴ കനക്കുന്നു, കടലാക്രമണവും മഴക്കെടുതിയും രൂക്ഷം: കൊവിഡ് ഭീതിയില്‍ ദുരിതാശ്വാസക്യാമ്പുകൾ
വിജയികള്‍ക്ക് കെടിഎമ്മിന്‍റെ മാതൃരാജ്യമായ ഓസ്ട്രിയയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സും പ്ലാന്‍റും സന്ദര്‍ശിക്കാനുള്ള അവസരത്തിനൊപ്പം ഓസ്ട്രിയന്‍ മോട്ടോ ജിപി ആസ്വദിക്കുവാനുള്ള അവസരവും ലഭിക്കും. കെടിഎമ്മിന്‍റെ റൈഡിങ് ഗിയര്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങളും കമ്പനി ഇവർക്ക് നൽകും. ആലുവയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ സോളമൻ സോളോ വ്‌ളോഗ് എന്ന യുട്യൂബ് ചാനലിലൂടെ സ്വന്തം യാത്രകള്‍ പങ്കുവെക്കാറുണ്ട്. യാത്രകളോടുള്ള പ്രണയം മൂലം മകള്‍ക്ക് ജേര്‍ണി എന്നാണ് സോളമന്‍ പേര് നല്‍കിയിരിക്കുന്നത്.