ഇടുക്കി: തുടർച്ചയായി പെയ്യുന്ന മഴയിൽ ദുരിതത്തിലായി ഇടുക്കിയിലെ വെളുത്തുള്ളി കർഷകർ. ശീതകാല പച്ചക്കറികളുടെ കലവറയായ മറയൂരിലെ കാന്തലൂരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്‌തത്. കാന്തല്ലൂരില്‍ 100 ഏക്കറിലധികം കൃഷി ചെയ്‌തിരിക്കുന്ന വെളുത്തുള്ളി പാകമാകും മുന്‍പ് മഴവെള്ളം കെട്ടിക്കിടന്ന് പാടത്ത് ചീഞ്ഞു നശിക്കുകയാണ്.
ദുരിതത്തിലായി വെളുത്തുള്ളി കർഷകർ
സീസൺ അനുസരിച്ച് കാന്തല്ലൂരില്‍ വെളുത്തുള്ളി കൃഷിയിറക്കുന്ന കർഷകരാണ് പ്രതിസന്ധിയിലായത്. ഒരു മാസം കൂടി പിന്നിട്ടാൽ വിളവെടുപ്പിന് പാകമാകുന്ന കൃഷിയാണ് മഴ കവർന്നത്. മഴവെള്ളം കെട്ടികിടന്നും ശക്‌തമായ കാറ്റിൽ തണ്ടുകൾ ഒടിഞ്ഞതും മഞ്ഞിറങ്ങിയതുമാണ് കൃഷി വ്യാപകമായി നശിക്കുവാൻ ഇടയാക്കിയത്. ഇനിയും തുടര്‍ച്ചയായി മഴ തുടർന്നാൽ പൂര്‍ണമായും കൃഷി നശിക്കുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.
ശീതകാല പച്ചക്കറി വിളകളും നാശത്തിൽ
വെളുത്തുള്ളിക്ക് പുറമെ പ്രതീക്ഷയോടെ കൃഷിയിറക്കിയ ഉരുളക്കിഴങ്ങ്, ബീന്‍സ്, കാരറ്റ്, കാബേജ് മുതലായ ശീതകാല പച്ചക്കറി വിളകളും ചീഞ്ഞു നശിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ച വിളവു ലഭിക്കുമോയെന്ന ആശങ്ക കര്‍ഷകർ പങ്കുവക്കുന്നു. കടബാധ്യതയെ അതിജീവിക്കാൻ സർക്കാർ സഹായം ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
ALSO READ: ഇടുക്കിയുടെ പൈതൃകം വിളിച്ചോതാൻ കൊലുമ്പന്‍ തിയറ്ററുമായി ജില്ലാ പഞ്ചായത്ത്