ഇടുക്കി: ഒറ്റരാത്രികൊണ്ട് കമ്പംമെട്ടിൽ തമിഴ്‌നാടിന്‍റെ അന്തർ സംസ്ഥാന ടാക്‌സി ഓട്ടോറിക്ഷ സ്റ്റാൻഡ് ആരംഭിച്ചു. കുമളി-കമ്പം റോഡ് പുനർനിർണമാത്തിനായി അടച്ചതോടെ കമ്പംമെട്ടിൽ വാഹനത്തിരക്കേറിയ സാഹചര്യത്തിലാണ് മിന്നൽവേഗത്തിൽ ഓട്ടോസ്‌റ്റാൻഡ് പ്രത്യക്ഷപ്പെട്ടത്. ഇരു സംസ്ഥാനത്തേയ്ക്കും യാത്രാ വാഹനങ്ങൾ ഇല്ലാത്തതിനാൽ തമിഴ്‌നാട് ഓട്ടോറിക്ഷകൾ അമിത ചാർജാണ് ദിനംപ്രതി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളിൽ നിന്നും വാങ്ങുന്നത്.
50ഓളം ഓട്ടോറിക്ഷകളാണ് തമിഴ്‌നാട് വനംവകുപ്പിന്‍റെ ചെക്ക്പോസ്റ്റിന് സമീപത്തായി സര്‍വീസ് ആരംഭിച്ചത്. തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതലായും ആശ്രയിച്ചിരുന്നത് കുമളി ചെക്ക്‌പോസ്‌റ്റിനെയായിരുന്നു. എന്നാൽ കുമളി-കമ്പം റോഡ് അടച്ചതോടെ കമ്പംമെട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്കുള്ള യാത്രാ സൗകര്യങ്ങൾ പരിമിതമാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ കമ്പത്തേക്ക് എത്തിക്കുന്നതിന് ഓട്ടോറിക്ഷ്‌കൾ കമ്പത്ത് എത്തിയത്. എന്നാൽ 12 കിലോമീറ്റർ ദൂരം മാത്രമുള്ള കമ്പത്തേയ്ക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യണമെങ്കിൽ 150 മുതൽ 200 രൂപ വരെ നൽകേണ്ട അവസ്ഥയാണിപ്പോൾ. മുമ്പ് ബസ് ഉണ്ടായിരുന്നപ്പോൾ 15 രൂപയായിരുന്നു ചാർജ്.
കൊവിഡ് കാലത്തിന് മുമ്പ് തമിഴ്‌നാട്ടിലേക്ക് കെ.എസ്.ആർ.ടി.സിയും തമിഴ്‌നാട് സർക്കാരിന്‍റെ ട്രാൻസ്‌പോർട്ട് കോർപറേഷനും സർവീസുകൾ നടത്തിയിരുന്നു. എന്നാൽ കൊവിഡിന്‍റെ സാഹചര്യത്തിൽ ചെക്ക്‌പോസ്റ്റുകൾ അടച്ചതോടെ ഈ സർവീസുകൾ റദ്ദാക്കിയിരുന്നു. തമിഴ്നാട് ഓട്ടോറിക്ഷകളുടെ കൊള്ള അവസാനിപ്പിക്കുവാൻ ഇരു സംസ്ഥാനങ്ങളിലെയും അധികൃതർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.