ഇടുക്കി: കേരള- തമിഴ്‌നാട് അതിർത്തിയിലെ പ്രധാന ചെക്ക്പോസ്റ്റായ കമ്പംമേട്ടും പരിസര പ്രദേശങ്ങളും പൂർണമായും കാമറ നിരീക്ഷണത്തിലായി. ഇരു സംസ്ഥാനങ്ങളിലും പൂർണ്ണമായും കാമറ നിരീക്ഷണമുള്ള ജില്ലയിലെ ഏക ചെക്ക് പോസ്റ്റും കമ്പംമേട്ടാണ്. തമിഴ്‌നാട് സർക്കാരിൻ്റെയും കേരള പൊലീസിൻ്റെയും നേതൃത്വത്തിൽ 63 ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുറ്റകൃത്യം നടത്തിയ ശേഷം ചെക്ക് പോസ്റ്റുകൾ വഴി രക്ഷപ്പെടുന്ന കുറ്റവാളികളെ കണ്ടെത്തുവാൻ മുമ്പ് കമ്പംമേട്ടിൽ കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കളളക്കടത്തിനും ലഹരിമരുന്ന് കടത്തിനും തടയിടുവാനായിരുന്നില്ല.
ക്യാമറകൾ സ്ഥാപിച്ചതോടെ കള്ളക്കടത്തുകാർ ചെക്ക് പോസ്റ്റുകളിലെത്താതെ സമാന്തരപാതകളെ ആശ്രയിച്ചു തുടങ്ങി. കമ്പം, തേവാരം മേഖലകളിൽ നിന്നും ലഹരി വസ്‌തുക്കളും മറ്റും തലച്ചുമടായ് കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളും സജീവമായിരുന്നു.ഇതിനു പുറമെ മേഖലയിലെ തോട്ടം മേഖലകളിൽ പോക്സോ കേസുകളും കൊലപാതകങ്ങളുമുൾപ്പെടെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതോടെയാണ് കുടുതൽ ക്യാമറകൾ സ്ഥാപിക്കുവാൻ പൊലീസ് നിർബന്ധിതരായത്.
കമ്പം മേട് പൊലീസ് സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ 22 കാമറകൾ സ്ഥാപിച്ചപ്പോൾ തമിഴ്‌നാട് പോലീസ് 41 ക്യാമറകൾ കമ്പം മുതൽ ചെക്ക് പോസ്റ്റുവരെ സ്ഥാപിച്ചു. ചെക്ക് പോസ്റ്റിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി കാമറകൾ സ്ഥാപിച്ചതോടെ ഇരു സംസ്ഥാനത്തു നിന്നുമുള്ള കുറ്റകൃത്യങ്ങൾ വേഗത്തിൽ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എക്സൈസ്, ടാക്‌സ് ഇൻ്റലിജൻസ്, ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റുകൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.