ഇടുക്കി: വിദ്യാർഥികളെ സ്വയരക്ഷക്ക് പ്രാപ്‌തരാക്കാന്‍ ലക്ഷ്യമിട്ട് കളരിപ്പയറ്റ് പ്രദര്‍ശനം നടന്നു. അടിമാലി ദേവിയാര്‍ കോളനി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലാണ് എന്‍എസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ പ്രദര്‍ശനമൊരുക്കിയത്. വിദ്യാർഥികള്‍ സ്വയരക്ഷാർഥം അറിഞ്ഞിരിക്കേണ്ട അഭ്യാസമുറകള്‍ പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കാരിക്കോട് കളരിസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അഭ്യാസമുറകള്‍ അരങ്ങേറിയത്.
ഉറുമി, വാള്‍, കത്തി, വടി എന്നിവ ഉപയോഗിച്ച് എങ്ങനെ സ്വയരക്ഷ ഒരുക്കണമെന്ന വിവരങ്ങള്‍ വിദ്യാർഥികള്‍ക്ക് കളരിസംഘം പകര്‍ന്ന് നല്‍കി. ആയോധനകല അടുത്തറിയാന്‍ സാധിച്ചതിലുള്ള സന്തോഷം വിദ്യാർഥികളും പങ്കുവെച്ചു. ചവിട്ടി പൊങ്ങല്‍, ചുവട് തുടങ്ങിയ അഭ്യാസമുറകള്‍ പ്രദര്‍ശിപ്പിച്ച വിദ്യാർഥിനികളായ വൈഗ അനില്‍, ആദിത്യ മധു എന്നിവര്‍ക്കും ഇടുക്കി കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജെയ്‌മോന്‍ പി.എസ് അധ്യക്ഷത വഹിച്ചു.