ഇടുക്കി: മുഖ്യമന്ത്രിയുടെ നവകേരളയാത്രക്കിടെ ഇടുക്കിയിൽ മാധ്യമ പ്രവർത്തകന് മർദനം (Journalist Attacked In Navakerala Sadas). മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനാണ് മാധ്യമ പ്രര്‍ത്തകനെ മർദിച്ചത്. ഉടുമ്പൻചോല മണ്ഡലത്തിലെ നവകേരള സദസ് വേദിയിലായിരുന്നു സംഭവം.
വേദിയിലേക്ക് എത്തിയ മുഖ്യമന്ത്രിയെ എംഎം മണി എം എൽ എ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ചിത്രം പകർത്തുന്നതിനിടെ ആയിരുന്നു സംഭവമുണ്ടായത്. മന്ത്രിമാര്‍ ഉള്‍പ്പടെ മാധ്യമ പ്രവര്‍ത്തകനെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും സുരക്ഷ ഉദ്യോഗസ്ഥന്‍ പിന്മാറാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍, ജില്ലയിലെ മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. സുരക്ഷ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷ സംഘടനകള്‍: ഇടുക്കിയില്‍ നവകേരള സദസ് യാത്രയുടെ രണ്ടാം ദിനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. അടിമാലിയിലെ ആയിരമേക്കറിലും കീരിത്തോട്ടിലും പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലെ നവകേരള സദസിനായി അടിമാലിയിലേക്ക് വരുന്ന വഴിയായിരുന്നു പ്രതിഷേധം. സംഭവത്തില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നവകേരള സദസ് ഇടുക്കിയിലെ പര്യടനം ഇന്ന് അവസാനിക്കും: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇടുക്കിയിലെ പര്യടനം ഇന്ന് അവസാനിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നും നിരവധി പേരാണ് പങ്കെടുത്തത്. ആദിവാസി, തോട്ടം, കാര്‍ഷിക മേഖലയില്‍ നിന്നെല്ലാം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
രാവിലെ 11 മണി മുതല്‍ തന്നെ ആളുകള്‍ കൗണ്ടറുകളില്‍ എത്തി പരാതികള്‍ സമര്‍പ്പിച്ചു. വലിയ തിരക്കാണ് പരാതി സമര്‍പ്പിക്കുന്ന കൗണ്ടറുകളില്‍ അനുഭവപ്പെട്ടത്. ഭൂവിഷയം, ചികിത്സ സഹായം തുടങ്ങി വിവിധ വിഷയങ്ങളില്‍ ആളുകള്‍ പരാതി സമര്‍പ്പിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്‌ച ആയിരുന്നു നവകേരള യാത്ര ജില്ലയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ഇന്നലെ (ഡിസംബര്‍ 11) രാവിലെ ഇടുക്കി മണ്ഡലത്തിലായിരുന്നു ആദ്യ പരിപാടി. ഉച്ചക്ക് ശേഷം ദേവികുളം നിയോജക മണ്ഡലത്തിലെ നവകേരള സദസ് അടിമാലിയില്‍ നടന്നു. ദേവികുളം മണ്ഡലത്തിലെ പരിപാടിക്ക് ശേഷമായിരുന്നു ഉടുമ്പന്‍ചോലയില്‍ നവകേരള സദസ് നടന്നത്.
ദേവികുളം മണ്ഡലത്തില്‍ ലഭിച്ചത് 9774 നിവേദനങ്ങള്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ഇടുക്കി ദേവികുളം മണ്ഡലം നവകേരള സദസില്‍ 9774 നിവേദനങ്ങള്‍ ലഭിച്ചു. നിവേദനങ്ങള്‍ സ്വീകരിക്കാന്‍ വേണ്ടി മണ്ഡലത്തിലെ സദസിന് അടുത്ത് തന്നെ വേദി സജ്ജമാക്കിയിരുന്നു. അടിമാലി വിശ്വദീപ്‌തി സ്‌കൂളില്‍ ഒരുക്കിയ വേദിയില്‍ രാവിലെ 11 മണി മുതല്‍ പരാതികള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു.