ഇടുക്കി : നെടുങ്കണ്ടം ജോയിന്‍റ് ആര്‍ടി ഓഫിസിലെ കൗണ്ടറുകള്‍ തകർത്ത സംഭവത്തിൽ ഡ്രൈവിങ് സ്‌കൂള്‍ ഉടമ അറസ്‌റ്റിൽ. നെടുങ്കണ്ടം എസ്എസ് ഡ്രൈവിങ് സ്‌കൂള്‍ ഉടമ ചന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ 17നാണ് (17-1-2023) രണ്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ജോയിന്‍റ് ആര്‍ടി ഓഫിസില്‍ എത്തി ബഹളംവയ്ക്കുകയും കൗണ്ടറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്‌തത്.
അന്നേദിവസം നടന്ന ഫിറ്റ്‌നസ് ടെസ്‌റ്റിൽ ഒരു വാഹനത്തില്‍ അനധികൃതമായി ചില ഭാഗങ്ങള്‍ ഘടിപ്പിച്ചിരുന്നത് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ പിന്നീട് സംഭവവുമായി ബന്ധമില്ലാത്ത ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ഓഫിസില്‍ എത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു.
സ്‌ത്രീ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഓഫിസിലുണ്ടായിരുന്നപ്പോഴാണ് അസഭ്യവര്‍ഷം മുഴക്കി ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. സംഭവം സംബന്ധിച്ച് ആര്‍ടിഒ ജീവനക്കാരില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് വിവരങ്ങള്‍ ശേഖരിച്ചു.
വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിയെടുക്കും. ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ജില്ല കലക്‌ടര്‍ക്കും ഇതിന്‍മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആര്‍ടിഒയുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് കേസെടുക്കുകയും പിന്നാലെ എസ്എസ് ഡ്രൈവിങ് സ്‌കൂള്‍ ഉടമയായ ചന്ദ്രനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.