ഇടുക്കി : ജസ്‌ന തിരോധാന കേസ് തെളിയുമെന്നാണ് കരുതിയിരുന്നതെന്ന് മുൻ D G P ടോമിൻ ജെ തച്ചങ്കരി ( Tomin Thachangiri IPS On Jesna case in Idukki). ജസ്‌ന കേസ് സി ബി ഐ അവസാനിപ്പിക്കുന്ന കാര്യം ഇന്നലെയാണ് അറിഞ്ഞത്, അതിന്‍റെ റിപ്പോർട്ട് കണ്ടിട്ടില്ല. കേസ് പല ഘട്ടത്തിലായി പല യൂണിറ്റുകൾ അന്വേഷിച്ചു. 2 ആഴ്‌ചയോളം ലോക്കൽ പൊലീസും പിന്നീട് ഡി വൈ എസ് പിയും ക്രൈെം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസ് സി ബി ഐക്ക് കൊടുത്തത്.
ഞങ്ങൾ അന്വേഷിച്ചപ്പോൾ ഒരു ലീഡ് കിട്ടിയിരുന്നു. ജസ്‌ന കയ്യെത്തും ദൂരത്ത് എത്തിയിരുന്നു എന്ന് കരുതിയിരുന്നു. അപ്പോൾ കൊവിഡ് വന്ന് സംസ്ഥാനം മുഴുവനായി അടച്ചു. അതുകൊണ്ട് അന്വേഷണത്തിനായി കുമിളി, തേനി വഴി തമിഴ്‌നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. പിന്നീടുള്ള ഒന്നര വർഷകാലം കേരളം അടഞ്ഞുകിടന്നതിനാൽ കേസ് അന്വേഷണം സി ബി ഐക്ക് നൽകാൻ വേണ്ടി ജസ്‌നയുടെ കുടുബം കോടതിയെ സമീപിച്ചു .
സി ബി ഐ ഉദ്യോഗസ്ഥർ ഞങ്ങളോടും കാര്യങ്ങൾ ചോദിച്ചിരുന്നും ഞങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ അവര്‍ക്ക് നൽകിയിരുന്നു. ഈ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയാണ് സി ബി ഐ. സി ബി ഐയിൽ എനിക്ക് പൂർണ വിശ്വാസമാണ്. സി ബി ഐ എന്നെങ്കിലും ജസ്‌നയെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രമാണ്. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് താൻ ഇപ്പോൾ പറയുന്നില്ല. ഇത് ഒരു വെല്ലുവിളിയായി അവശേഷിക്കുമെന്നും ടോമിൻ ജെ തച്ചങ്കരി തൊടുപുഴയിൽ പറഞ്ഞു.
എരുമേലി കൊല്ലമല ജെയിംസ് ജോസഫിന്‍റെ മകൾ ജസ്‌ന മരിയ ജെയിംസിനെ 2018 മാർച്ച് 22നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു ജസ്‌ന.