ഇടുക്കി: അതിഥി തൊഴിലാളി ഓടിച്ച ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് മറിഞ്ഞു. ഒഡീഷ സ്വദേശിയായ സ്റ്റീഫനാണ് ഉടമയും മറ്റ് തൊഴിലാളികളും അറിയാതെ ടാറിങ് ജോലിയ്ക്കായി ഉപയോഗിക്കുന്ന ജീപ്പ് ഓടിച്ചത്. ഇടുക്കി നെടുങ്കണ്ടം കല്ലാര്‍ പുഴയിലേയ്ക്കാണ് ജീപ്പ് പതിച്ചത്. പ്രദേശത്തെ റോഡ് നിര്‍മാണത്തിന് എത്തിയതായിരുന്നു സ്റ്റീഫന്‍.
കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണ ജോലി താത്കാലികമായി നിര്‍ത്തി വച്ചതിനാല്‍ വാഹനത്തിന്‍റെ താക്കോല്‍ മറ്റൊരു ഡ്രൈവര്‍ക്ക് നല്‍കുന്നതിനായി സ്റ്റീഫനെ ഏല്‍പ്പിയ്ക്കുകയായിരുന്നു. ജീപ്പ് ഓടിയ്ക്കണമെന്ന ആഗ്രഹത്താലാണ് മറ്റ് തൊഴിലാളികള്‍ അറിയാതെ സ്റ്റീഫന്‍ ജീപ്പുമായി പോയത്.
താമസ സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററോളം അകലെയാണ് അപകടം നടന്നത്. ജീപ്പ് തിരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടമായി പുഴയിലേയ്ക്ക പതിച്ചു. പുഴയില്‍ മുങ്ങിയ ജീപ്പില്‍ നിന്നും, സ്റ്റീഫന്‍ നീന്തി രക്ഷപെട്ടു.
തുടര്‍ന്ന് ഇയാള്‍ തന്നെ കരാര്‍ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ജെസിബിയുടെ സഹായത്താലാണ് നാട്ടുകാര്‍ ചേര്‍ന്ന് ജീപ്പ് പുറത്തെടുത്തത്. രണ്ടാള്‍ താഴ്‌ചയിലേറെ ആഴമുള്ള പ്രദേശത്തേയ്ക്കാണ് ജീപ്പ് പതിച്ചത്. ഇവിടെ ശക്തമായ അടിയൊഴുക്കുണ്ട്. മുന്‍പ് നിരവധി അപകടങ്ങളും മേഖലയില്‍ ഉണ്ടായിട്ടുണ്ട്.