ഇടുക്കി: ജില്ലയിലെ വിനോദ സഞ്ചാര മേഖലകളെല്ലാം പ്രവർത്തനം ആരംഭിച്ചെങ്കിലും സൂര്യനെല്ലിയിൽ നിന്നും കൊളുക്കുമലയിലേക്കുള്ള സവാരിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. അതിർത്തി മേഖല ആയതിനാൽ ഇപ്പോഴും ഇവിടെ നിയന്ത്രണങ്ങൾ തുടരുകയാണ്. കൊളുക്കുമലയിലെ ഉദയ കാഴ്‌ചകളും സിംങ്ക പാറയിലെ മനോഹര ദൃശ്യങ്ങളുമെല്ലാം സഞ്ചാരികൾക്ക് ആന്യമായിട്ട് മാസങ്ങൾ പിന്നിട്ടുകഴിഞ്ഞു.
വിനോസഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന നൂറിലധികം ജീപ്പ് ഡ്രൈവർമാർ ഇപ്പോഴും പട്ടിണിയുടെ നടുവിലാണ്. സഞ്ചാരികൾ എത്താത്തതിനാൽ ചിന്നക്കനാൽ വ്യാപാര മേഖലയടക്കം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും വിഷയത്തിൽ ടൂറിസം വകുപ്പ് ഇടപെടണമെന്നും പൊതുപ്രവർത്തകർ ആവശ്യപ്പെടുന്നു.
ചിന്നക്കനാൽ മേഖലയിലെ വിനോദസഞ്ചാര മേഖല നിശ്ചലമായതോടെ ടാക്‌സി തൊഴിലാളികൾ ഇപ്പോൾ തോട്ടം മേഖലകളിൽ ജോലിക്ക് പോകേണ്ട സാഹചര്യമാണ്. പലരും ലോൺ അടയ്ക്കാൻ മാർഗമില്ലാതെ വാഹനങ്ങൾ വിറ്റു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ജീപ്പ് ഡ്രൈവർമാരുടെ ആവശ്യം.