ഇടുക്കി : കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ആദിവാസി കുടിലുകളില്‍ ഭക്ഷ്യ വസ്‌തുക്കൾ എത്തിച്ച് നൽകുന്ന പദ്ധതിയുമായി ദേവികുളം ജനമൈത്രി എക്സൈസ്. ആദ്യ ഘട്ടമായി മാങ്കുളം കുറത്തിക്കുടിയിൽ ഭക്ഷ്യ കിറ്റുകൾ എത്തിച്ച് നൽകി. കുറത്തിക്കുടിയിൽ ഒരു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ 147 പേർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുടിയിലെ 340 കുടുംബങ്ങളും പുറം ലോകവുമായി ബന്ധമില്ലാതെ ക്വാറൻ്റൈനിൽ കഴിയുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഭക്ഷ്യ കിറ്റ് വിതരണം.
Also Read: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; കേരള നിയമസഭ തിങ്കളാഴ്‌ച പ്രമേയം പാസാക്കും
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ല കമ്മിറ്റിയും, തൊടുപുഴ ജിനദേവൻ സ്‌മാരക ട്രസ്റ്റുമാണ് ഭക്ഷ്യ വസ്‌തുക്കൾ സ്പോൺസർ ചെയ്‌തിരിക്കുന്നത്. കുടിയിലെ 340 വീടുകളിലും പച്ചക്കറി, പൈനാപ്പിൾ, ഈന്തപ്പഴം, ബിസ്‌കറ്റ് എന്നിവ അടങ്ങിയ അറുപതിനായിരം രൂപയോളം വില വരുന്ന ഭക്ഷ്യ വസ്‌തുക്കളാണ് ലഭ്യമാക്കിയത്. ഭക്ഷ്യ വസ്‌തുക്കളുമായുള്ള വാഹനം തൊടുപുഴ എക്സൈസ് ഡി വിഷൻ ഓഫിസിൽ നിന്നും ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ജി. പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്‌തു.