ഇടുക്കി: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് ആവേശത്തിൽ യുവാക്കൾ. ദ്രാവിഡ പോരാട്ട വീര്യത്തിന്‍റെ ഓര്‍മപ്പെടുത്തലുമായി തേനിയിലെ പല്ലവരയാന്‍പട്ടി ഗ്രാമത്തിലാണ് കുതിച്ചെത്തുന്ന പോരുകാളകളെ വരുതിയിലാക്കാന്‍ യുവാക്കള്‍ മത്സരിച്ചത്. 700 കാളകളും 400 മത്സരാർഥികളുമാണ് ഇന്നലെ നടന്ന ജെല്ലിക്കെട്ടിൽ പങ്കെടുത്തത്.
പല്ലവരായൻപട്ടിലെ പൂരകത്തമ്മന്‍ വല്ലധികാര സ്വാമി ക്ഷേത്രത്തിൽ നടന്ന ജല്ലിക്കെട്ട് ലോക ശ്രദ്ധനേടിയ പോരാട്ടങ്ങളിലൊന്നാണ്. ക്ഷേത്രക്കാളയായ വല്ലാധിസ്വാമിയുടെ കെട്ടഴിക്കുന്നതോടെയാണ് ജല്ലിക്കെട്ടിന് ആരംഭം കുറിക്കുന്നത്. ക്ഷേത്രക്കാളയെ തൊട്ട് നമസ്‌കരിച്ച് മൈതാനത്തിലേയ്‌ക്ക് ഇറങ്ങിയ മത്സരാർഥികൾ ഗേറ്റ് തുറന്നുവന്ന കാളകൂറ്റന്മാരെ ഓരോരുത്തരെയായി നേരിട്ടു.
മനുഷ്യ മതിൽകെട്ടുകളെ കൊമ്പിൽ കോർത്ത് കുടഞ്ഞെറിയാൻ ശ്രമിച്ച കാളൻകൂറ്റൻന്മാരിൽ ചിലരെ മെയ്‌വഴക്കവും മെയ്‌കരുത്തും കൊണ്ട് വീരന്മാർ വരുതിയിലാക്കി. ഒരു മണിക്കൂർ നീളുന്ന വ്യത്യസ്ഥ റൗണ്ടുകളിലായുള്ള ജല്ലിക്കെട്ട് മത്സരത്തിൽ 50 കളിക്കാരാണ് ഓരോ റൗണ്ടിലും മൈതാനത്ത് എത്തുന്നത്. മികച്ച കളിക്കാർക്ക് കാറും ബൈക്കും തുടങ്ങി നിരവധി സമ്മാനങ്ങളായിരുന്നെങ്കിൽ കാളകൾക്ക് വെള്ളി കൊണ്ടുള്ള മുട്ട ഉൾപ്പടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്.
ജല്ലിക്കെട്ടിനായി ശക്തമായ സുരക്ഷ സംവിധാനമാണ് തേനി ഭരണകൂടം ഒരുക്കിയിരുന്നത്. പല കാളകളുടേയും ജീവൻ പൊലിഞ്ഞെങ്കിലും മത്സരാർഥികൾക്ക് കാര്യമായ പരിക്കുകളില്ല.