ഇടുക്കി : ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളും,വീടുകളും,സ്ഥാപനങ്ങളും നക്ഷത്ര ദീപങ്ങളാൽ അണിയിച്ചൊരുക്കുന്നത് പതിവാണ്. എന്നാൽ, നക്ഷത്ര ഗ്രാമം തന്നെ ഒരുക്കി വേറിട്ട വർണ വിസ്‌മയം തീർക്കുകയാണ് അടിമാലി ഇരുമ്പുപാലം സെന്‍റ് ആന്‍റണീസ് ഇടവക. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി കുടുംബ കൂട്ടായ്‌മകളുടെ നേതൃത്വത്തിലാണ് ദേവാലയ അങ്കണത്തിൽ നക്ഷത്രദീപങ്ങളുടെ ഗ്രാമം ഒരുക്കിയത്.
വിവിധ വലിപ്പത്തിലും വർണത്തിലുമുള്ള പന്ത്രണ്ടിലധികം നക്ഷത്രങ്ങളാണ് ഇടവക ദേവാലയത്തിന്‍റെ മുൻപിൽ വിശ്വാസികള്‍ ഒരുക്കിയിരിക്കുന്നത്. കുടുംബ കൂട്ടായ്‌മകൾ മത്സര അടിസ്ഥാനത്തിലാണ് പള്ളിമുറ്റത്ത് നക്ഷത്രങ്ങൾ സ്ഥാപിച്ചത്. പത്ത് അടിയിൽ കൂടുതൽ ഉയരമുള്ള നക്ഷത്ര വിളക്കുകളാണ് ഓരോ യൂണിറ്റുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്.
പന്ത്രണ്ട് കുടുംബ കൂട്ടായ്‌മകൾ തിരുമുറ്റത്ത് നക്ഷത്ര വിളക്കുകൾ നാട്ടിയതോടെ വർണ വിസ്‌മയങ്ങളുടെ മനോഹര കാഴ്‌ചയായി മാറിയിരിക്കുകയാണ് ഇരുമ്പുപാലം സെന്‍റ് ആൻ്റണീസ് ദേവാലയവും പരിസരവും. ഡിസംബർ ഒന്നാം തീയതി ഇടവകയിലെ വിശ്വാസികളുടെ നേതൃത്വത്തിൽ ആരംഭിച്ച നക്ഷത്രവിളക്കുകളുടെ നിർമാണം മൂന്ന് ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്.
സെന്‍റ് മേരീസ് കുടുംബ കൂട്ടായ്‌മയാണ് നിലവിൽ വലിയ നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ഇടവക വികാരി ഫാ.ജോസഫ് പാലക്കുടിയുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ 35 അടി ഉയരമുള്ള വലിയ നക്ഷത്രവും പള്ളിമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ കടന്നുപോകുന്ന സഞ്ചാരികൾക്ക് പ്രതീക്ഷയുടെ പുതിയ വർണവെളിച്ചമാണ് നക്ഷത്രഗ്രാമം പകരുന്നത്.