ഇടുക്കി : ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും മായം ചേർത്ത പാൽ കേരളത്തിലേക്കെത്തുന്നത് തടയാന്‍ അതിർത്തിയിൽ പരിശോധന ആരംഭിച്ച് ക്ഷീര വികസന വകുപ്പ്.
ഓഗസ്റ്റ് 20 വരെയാണ് പരിശോധന. ജില്ലയിൽ കുമളി കേന്ദ്രീകരിച്ചാണിത്. ഓണക്കാലത്ത് പാലിന്‍റെ ഉപഭോഗം വർധിക്കുന്നതിനാൽ മായം കലർന്നവ വൻതോതിൽ കേരളത്തിലേക്കെത്താന്‍ സാധ്യതയുള്ളതിനാലാണ് കുമളിയടക്കം സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്.
കുമളി ചെക്ക്പോസ്റ്റിൽ താത്ക്കാലിക ലാബ് സ്ഥാപിച്ചാണ് 24മണിക്കൂറും പരിശോധന നടത്തുന്നത്. സാമ്പിളുകളുടെ ഗുണനിലവാരം സംബന്ധിച്ച റിപ്പോർട്ടുകൾ ദിവസവും വൈകുന്നേരം വകുപ്പിലേക്ക് അയയ്ക്കും.
മനുഷ്യ ശരീരത്തിന് ഹാനികരമായ ഫോർമാലിൻ ഉൾപ്പെടെയുള്ള എതെങ്കിലും രാസവസ്‌തുക്കൾ പാലിൽ ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പ്രധാനമായും നടക്കുന്നത്.
പാലിൽ മായം കലർത്തിയതായി കണ്ടെത്തിയാൽ വാഹനം ഉൾപ്പെടെ പിടിച്ചെടുത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറും.
Also Read: കര്‍ഷകര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ നിസ്‌തുലമെന്ന് രാഹുല്‍ ഗാന്ധി
ദിവസേന മൂന്നര ലക്ഷം ലിറ്ററോളം പാലാണ് ഇപ്പോൾ കേരളത്തിലേക്കെത്തുന്നത്. ഓണക്കാലത്ത് ഇത് ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടൽ. പരിശോധനാ സംവിധാനം സ്ഥിരമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.