ഇടുക്കി: 45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം പിന്നിടുന്നു. 2009 സെപ്റ്റംബർ 30ന് വൈകുന്നേരം അഞ്ച് മണിയോടെ തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 76 യാത്രക്കാരുമായി യാത്ര തുടങ്ങിയ ബോട്ട് പുറപ്പെട്ടിടത്ത് നിന്ന് 12 കിലോമീറ്റർ അകലെയുള്ള മണക്കാവലയിൽ വെച്ചാണ് മറിഞ്ഞത്. ബോട്ടലുണ്ടായിരുന്നവർ കരയിൽ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്ക് നീങ്ങിയതിനാൽ ബോട്ടിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളുമാണ്. മരിച്ചവരിൽ 23 സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടുന്നു. രണ്ട് പേർ മുംബൈ സ്വദേശികളും രണ്ട് പേർ തമിഴ്‌നാട് സ്വദേശികളുമാണ്.
2014 ഡിസംബർ 24 ന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി കേസിൽ രണ്ട് തരത്തിലുള്ള കുറ്റകൃത്യങ്ങളുണ്ടെന്ന് കണ്ടെത്തി. രണ്ടിലും പ്രത്യേക കുറ്റപത്രം നൽകാനും നിർദേശിച്ചു. ഇതുപ്രകാരമാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് കോട്ടയം ഓഫീസാണ് ആദ്യം തേക്കടി ബോട്ട് ദുരന്തത്തിൽ അന്വേഷണം ആരംഭിച്ചത്. ജുഡീഷ്യൽ അന്വേഷണത്തിന് ജസ്റ്റിസ് ഇ. മൊയ്‌തീൻ കുഞ്ഞ് കമ്മിഷനെയാണ് നിയോഗിച്ചത്. അന്വേഷണത്തിന് കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന പി.എ വത്സനെയും സർക്കാർ നിയമിച്ചു. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്മേൽ തുടർ നടപടികളുണ്ടായില്ല. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം കോടതി തള്ളിയത്. രണ്ട് കുറ്റകൃത്യത്തിലും നേരിട്ട് ബന്ധമുള്ളവർക്ക് എതിരായ ആദ്യ കുറ്റപത്രമാണ് (എ ചാർജ്) നിലവിൽ നൽകിയിരിക്കുന്നത്. ഡ്രൈവർ, ബോട്ടിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ, ടിക്കറ്റ് നൽകിയവർ എന്നിവരാണ് ചാർജ് ഷീറ്റിലുള്ളത്.