ഇടുക്കി: നെടുങ്കണ്ടം കല്ലാർ ഡാമിന് സമീപമുള്ള കെഎസ്ഇബി ഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്താൻ ശ്രമിച്ചതായി പരാതി. 46.5 സെൻ്റീമീറ്റർ ചുറ്റളവുള്ള പുളിമരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. കെഎസ്ഇബി അധികൃതർ അറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മരംമുറിക്കൽ നിർത്തി വെയ്പ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ആശാരികണ്ടം സ്വദേശികളായ പിതാവും മകനും മേഖലയിൽ ഉണ്ടായിരുന്ന മരത്തിൻ്റെ കൊമ്പുകൾ വെട്ടുകയും ശേഷം മരം മുറിക്കാൻ ശ്രമം നടത്തുകയുമായിരുന്നു. ഇന്നലെ തായ്ത്തടി മുറിച്ചതോടെയാണ് കെഎസ്ഇബി അധികൃതർ പൊലീസിൽ വിവരമറിയിച്ചത്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ഭൂമി തങ്ങളുടേതാണെന്നും വിറകിനാണ് മരം മുറിച്ചതെന്നും അറിയിച്ചതിനെത്തുടർന്ന് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച ഇവർക്ക് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകുമെന്ന് കെഎസ്ഇബി ഡാം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. എന്നാൽ തങ്ങളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണ വിധേയരുടെ പക്ഷം.
Also Read: പട്ടയഭൂമിയിലെ മരംമുറി; കര്‍ഷകര്‍ക്കെതിരെ കേസില്ലെന്ന് വനം മന്ത്രി
കല്ലാറിൽ ഡാം നിർമിച്ച കാലത്ത് ക്യാച്ച്മെൻ്റ് ഏരിയയിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്നവർക്ക് സർക്കാർ പകരം ഭൂമി നൽകി മാറ്റി പാർപ്പിച്ചിരുന്നു. ശേഷം ഭൂമി പൂർണമായും ഏറ്റെടുത്ത് കെഎസ്ഇബി ആവശ്യങ്ങൾക്കായി മാറ്റിയിട്ടിരിക്കുകയായിരുന്നു. ഈ ഭൂമിയുടെ നടുവിലുള്ള പ്രദേശത്ത് നിന്നുമാണ് മരം മുറിച്ചത്.