ഇടുക്കി: പൂപ്പാറയിലെ പന്നിയാര്‍ പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തി അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടം പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കി ശാന്തൻപാറ ഗ്രാമപഞ്ചായത്തും ജില്ല ഭരണകൂടവും. പുഴയുടെ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിക്കുന്ന കെട്ടിടം പൊളിച്ച് നീക്കുവാനുള്ള നടപടികളെടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ദേവികുളം സബ് കലക്‌ടര്‍ നിര്‍ദേശം നല്‍കി. ബിജു എന്നയാളാണ് പുഴ പുറമ്പോക്ക് കയ്യേറി അനധികൃത നിര്‍മാണം നടത്തുന്നത്.
നീരൊഴുക്ക് തടസപ്പെടുത്തി പുഴയിലേക്ക് ഇറക്കിയാണ് കെട്ടിട നിര്‍മാണം. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം അനധികൃത നിർമാണങ്ങള്‍ പൊളിച്ച് നീക്കാന്‍ ഉടമകള്‍ക്ക് ഏഴ് ദിവസം സമയം നല്‍കുമെന്നും അല്ലാത്ത പക്ഷം ഭൂസംരക്ഷണ സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.റംഷാദ് പറഞ്ഞു. നിര്‍മാണ നിരോധനം ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യാതൊരു അനുമതിയും കൂടാതെ പുഴ കയ്യേറിയുള്ള ഈ നിര്‍മാണം.
പന്നിയാർ പുഴയുടെ സംരക്ഷണം ആവശ്യപ്പെട്ട് നിരവധി പൊതു പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.