ഇടുക്കി: പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമിച്ച കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള അനുമതിക്കായി ശാന്തൻപാറ ഗ്രാമപഞ്ചായത്ത് കോടതിയെ സമീപിക്കും. കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ച സ്റ്റേ നീക്കി കിട്ടുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിക്കുന്നത്. സ്റ്റേ നീങ്ങിയ ശേഷം പൊളിച്ചു നീക്കൽ നടപടിയുമായി പഞ്ചായത്ത് മുന്നോട്ട് പോകും.
സമാനമായ രീതിയിൽ പുഴ കയ്യേറി നിർമിച്ചെന്ന് കണ്ടെത്തിയ കെട്ടിടങ്ങൾക്ക് നോട്ടിസ് നൽകിയിരുന്നു. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും പുഴ കയ്യേറി നിർമിച്ചതായാണ് കണ്ടെത്തൽ. പഞ്ചായത്തിന്‍റെ അനുമതി വാങ്ങാതെ പൂപ്പാറ പാലത്തിന് സമീപം പുഴ കയ്യേറി അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടത്തിന് കഴിഞ്ഞമാസം സ്റ്റോപ് മെമ്മോ നല്‍കുകയും പിന്നീട് സബ് കലക്‌ടറുടെ നിർദേശ പ്രകാരം കെട്ടിടം പൊളിച്ച് നീക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുകയും ചെയ്‌തു.
പൊലീസിന്‍റെയും റവന്യൂ വകുപ്പിന്‍റെയും സഹായത്തോടെ കെട്ടിടം പൊളിക്കാനായി എത്തിയ സാഹചര്യത്തിലാണ് കെട്ടിട ഉടമകൾ ഹൈക്കോടതി ഉത്തരവ് കൈമാറിയത്. തുടർന്ന്, ദൗത്യം പൂർത്തിയാക്കാതെ പഞ്ചായത്ത് റവന്യു സംഘം മടങ്ങി പോകുകയും ചെയ്‌തു. പുഴ കയ്യേറിയുള്ള അനധികൃത നിർമാണത്തിന്‍റെ സ്റ്റേ നടപടികൾ നീക്കുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
നിലവിലെ നിർമാണ പ്രവർത്തനങ്ങൾ കൂടാതെ പുഴ കയ്യേറി അനധികൃതമായി നിരവധി കെട്ടിടങ്ങൾ നിർമിച്ചതായി പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ആരാധനാലയങ്ങൾ തുടങ്ങി അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്ക് എല്ലാം പഞ്ചായത്ത് നോട്ടിസ് നൽകി. തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്‌തമാക്കി.
പഞ്ചായത്തിന്‍റെ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേ നീക്കുന്നതിനുള്ള നടപടികളുമായി മുന്‍പോട്ട് പോകുന്നത്. പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങാതെ പുഴ കയ്യേറി കെട്ടിടം നിർമിച്ചത് കോടതിയെ ബോധ്യപ്പെടുത്തുവാൻ സാധിക്കുമെന്നാണ് പഞ്ചായത്തിന്‍റെ വിലയിരുത്തൽ.