ഇടുക്കി: പ്രളയവും പകർച്ചവ്യാധിയുമൊന്നും സഹജീവി സ്നേഹത്തിനും കരുതലിനും തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ശാന്തൻപാറയിലെ രമണി എന്ന വീട്ടമ്മ. സമൂഹ അടുക്കള അടച്ചു പൂട്ടിയതോടെ തെരുവിൽ കഴിയുന്ന പത്ത് പേർക്ക് ഭക്ഷണം തയാറാക്കി നൽകുന്നത് ഈ വീട്ടമ്മയാണ്.
കഴിഞ്ഞ 21ന് ശാന്തൻപാറയിലെ സമൂഹ അടുക്കളയുടെ പ്രവർത്തനം നിർത്തിയതോടെയാണ് തെരുവില്‍ കഴിയുന്നവര്‍ ദുരിതത്തിലായത്. പഞ്ചായത്ത് ഇടപെട്ട് ഇവർക്ക് ഭക്ഷണം തയാറാക്കി നൽകാൻ ആരെങ്കിലും സന്നദ്ധരാണോയെന്ന് അന്വേഷിച്ചപ്പോഴാണ് സമൂഹ അടുക്കളയിലെ സജീവ സാന്നിധ്യമായിരുന്ന രമണി ഈ ഉദ്യമം ഏറ്റെടുത്തത്.
കഴിഞ്ഞ പ്രളയത്തിൽ വീട് തകർന്ന രമണിയും ഭർത്താവ് രാജനും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുയർത്തിയ ഷെഡ്ഡിലാണ് താമസിക്കുന്നത്. ഈ ബുദ്ധിമുട്ടുകളെ അവഗണിച്ചാണ് രമണി അശരണരായവർക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നത്. ഭക്ഷ്യവസ്തുക്കളും പാചകവാതകവും നല്‍കി പിന്തുണയുമായി പഞ്ചായത്തും ഇവര്‍ക്കൊപ്പമുണ്ട്.