ഇടുക്കി : വേനലിലും മഴക്കാലത്തും ഒരേ പോലെ ജലസമൃദ്ധമായ ഒരു കുഴല്‍ കിണറുണ്ട് ഇടുക്കിയില്‍. ദിവസേന എത്ര ലിറ്റര്‍ വെള്ളമെടുത്താലും രാജാക്കാട് എന്‍ ആര്‍ സിറ്റിയിലെ ഈ കുഴല്‍ കിണറില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വന്നിട്ടില്ല. എന്‍ ആര്‍ സിറ്റി സ്വദേശിയായ തങ്കച്ചന്‍റെ വീട്ടിലെ ഈ കൗതുകം കാണാന്‍ നിരവധി പേരാണ് ഇപ്പോള്‍ എത്തുന്നത്.
2017ല്‍ വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്നാണ് തങ്കച്ചന്‍ കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വേനലില്‍ വെള്ളം, വില കൊടുത്ത് വാങ്ങേണ്ട സാഹചര്യം ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.വീട്ടുമുറ്റത്താണ്, കുഴല്‍ കിണറിനായി സ്ഥാനം നിശ്ചയിക്കപ്പെട്ടത്.
600 അടിയില്‍ തന്നെ വെള്ളം ലഭിച്ചു. പമ്പ് ചെയ്‌ത് ചീറ്റിയ്ക്കുന്നതിന് സമാനമായ രീതിയിലാണ് ആദ്യം വെള്ളം പുറത്തേക്ക് ഒഴുകിയത്. അന്ന് മുതല്‍ ഇന്നുവരെ കിണര്‍ സദാസമയം നിറഞ്ഞൊഴുകുകയാണ്. പമ്പ് ഉപയോഗിക്കാതെ തന്നെ ഈ കുഴല്‍ കിണറില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ സാധിക്കും.
നിലവില്‍ രണ്ട് എച്ച് പി പമ്പ് ഉപയോഗിച്ച് വെള്ളം ശേഖരിക്കുന്നുണ്ട്. തങ്കച്ചന്‍റെ അയല്‍വാസികളും പൈപ്പ് ഉപയോഗിച്ച് ഇവിടെ നിന്നും വെള്ളം എടുക്കുന്നുണ്ട്. വേനല്‍ക്കാലത്ത് സമീപത്തെ മൂന്ന് പഞ്ചായത്തുകളില്‍ നിന്ന് വാഹനങ്ങളിലെത്തിയും വെള്ളം സ്വീകരിക്കാറുണ്ടെന്ന് തങ്കച്ചന്‍ പറയുന്നു.