ഇടുക്കി: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിശ്ചലമായ വിദ്യാഭ്യാസ മേഖലക്ക് പുത്തൻ ഉണർവ് പകരാന്‍ ഒരുങ്ങുകയാണ് ഓൺലൈൻ ക്ലാസുകൾ. ആധുനിക സംവിധാനത്തിന്‍റെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് സാക്ഷര കേരളം ചരിത്രം കുറിക്കാന്‍ ഒരുങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് അറിയാത്ത വിദ്യാർഥികളാണ് ആദിവാസി ഗ്രാമങ്ങളിലുള്ളത്. സ്‌മാർട്ട് ഫോണുകളും ലാപ്ടോപ്പും ടാബും ഒന്നുമില്ലാതെ നിസഹായരാണ് ഇവർ. ഈ സംവിധാനങ്ങൾ ഉണ്ടെങ്കില്‍ പോലും വേണ്ട നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തതും വെല്ലുവിളിയാണ്.
പുതിയ ഫോണും കമ്പ്യൂട്ടറും വാങ്ങി നല്‍കി വിദ്യാർഥികളെ പഠിപ്പിക്കാൻ ആദിവാസി നിർധന കുടുംബങ്ങൾക്ക് കഴിവില്ല. ആദിവാസി കുടികളിലെ വിദ്യാർഥികൾക്കായി സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അധ്യയന വര്‍ഷം ആരംഭിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയാലും ആദിവാസി കുടികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ ഇവരുടെ വിദ്യാഭ്യാസം പൂര്‍ണമായി നിലക്കുമെന്ന അവസ്ഥയാണുള്ളത്.