ഇടുക്കി: പെരുമഴയില്‍ വീട് നഷ്ടപ്പെട്ട് ഇടുക്കി ഇടശ്ശേരിയിലെ ആദിവാസി കുടുംബം. മണിയാറൻകുടി ഇടശ്ശേരിയിൽ ജിയോക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. കനത്ത മഴയെത്തുടര്‍ന്ന് വീടിന് മുന്നിലുണ്ടായ ഗര്‍ത്തമാണ് ഇവര്‍ക്ക് ഭീഷണിയായി നില്‍ക്കുന്നത്.
ഒരു വയസ് മാത്രം പ്രായമുള്ള കൈകുഞ്ഞുമായി ചെറിയ പ്ലാസ്റ്റിക് ഷെഡിലാണ് ഇവരുടെ താമസം. കഴിഞ്ഞ വർഷം ഓഗസ്ത് 17നാണ് കനത്ത മഴയെ തുടര്‍ന്ന് വീടിന് മുന്നില്‍ ഗര്‍ത്തം രൂപപ്പെട്ടത്. തറയോട് ചേർന്ന് ആഴം എത്രയെന്ന് തിട്ടപ്പെടുത്താൻ കഴിയാത്ത വിധത്തിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ വീട്ടിൽ ധൈര്യമായി കയറാൻ പോലും കഴിയാത്ത സ്ഥിതിയായെന്നാണ് ഇവർ പറയുന്നത്.
വീടുണ്ടായിട്ടും, വീട്ടുമുറ്റത്ത് പ്ലാസ്റ്റിറ്റിക്ക് കുടിലിൽ കിടക്കേണ്ട അവസ്ഥ പഞ്ചായത്ത് വില്ലേജ് അധികൃതരെ ബോദ്ധ്യപ്പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ലന്ന് ഇവർ പറയുന്നു. സഞ്ചാരയോഗ്യമായ വഴിപോലുമില്ലാതെ വനാതിർത്തിയിൽ ഒറ്റപ്പെട്ടു കഴിയുന്ന ഈ ആദിവാസി കുടുംബത്ത സഹായിക്കുവാൻ പഞ്ചായത്തോ സർക്കാരോ മുന്നോട്ട് വന്നിട്ടില്ല.