ഇടുക്കി: വൈറലായി സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പരസ്യചിത്രമായ 'കേരള ദി ലാൻഡ് ഓഫ് നേച്ചർ'. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി അണിയിച്ചൊരുക്കിയ പരസ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.
പാൽനുരച്ചാർത്തുകളും, മലനിരകളും, അണക്കെട്ടുകളും, വന്യജീവി സങ്കേതങ്ങളും, സുഗന്ധവ്യഞ്‌ജന തോട്ടങ്ങളും, കാനന ഭംഗിയുമെല്ലാം ഉൾക്കൊള്ളിച്ച് അണിയിച്ചൊരുക്കിയ ഈ പരസ്യ ചിത്രം ഇടുക്കിയുടെ മനോഹാരിത വിളിച്ചോതുന്നു. കൊവിഡ് തീർത്ത പ്രതിസന്ധികളെ മറികടക്കാൻ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് ടൂറിസം വകുപ്പിന്‍റെ ലക്ഷ്യം.
പ്രധാനമായും മൂന്നാർ മാങ്കുളം മേഖലകളിലാണ് പരസ്യം ചിത്രീകരിച്ചത്. മിനിവുഡ് സ്റ്റുഡിയോയുടെ ബാനറിൽ ടിജോ തങ്കച്ചനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൻഗവി പ്രസാദ് ക്യാമറയും ടിറ്റോ പി തങ്കച്ചന്‍റെ വരികൾക്ക് അരവിന്ദ് മഹാദേവൻ സംഗീതവും നൽകി.
കാഴ്‌ചക്കാരിൽ മിഴിവേകുന്ന ഇടുക്കിയുടെ ഭംഗി നെഞ്ചിലേറ്റി പ്രതികൂല കാലാവസ്ഥയിലും മഞ്ഞും കുളിരും ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.