ഇടുക്കി: തലമാലിയിൽ കടുവ ഇറങ്ങിയതായി നാട്ടുകാര്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ തലമാലി, പെട്ടിമുടി മേഖലകളിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടങ്ങളില്‍ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തി.
കഴിഞ്ഞദിവസങ്ങളിലായി കടുവ ഭീതിവിതക്കുകയും വീടുകളിലെ നായകളെ പിടികൂടുകയും ചെയ്‌തെന്നും നാട്ടുകാർ പറയുന്നു. കാലങ്ങളായി ഇവിടെ താമസിച്ചിട്ടും കാട്ടുപന്നിയല്ലാതെ മറ്റൊരു ശല്യവും ഉണ്ടായിട്ടില്ല. ഇവിടെ നിന്നും ജനങ്ങളെ ഓടിക്കുവാൻ കടുവ ഉള്‍പ്പടെയുള്ളവയെ വനപാലകർ കൊണ്ടുവിടുന്നതാണെന്നും ഇവര്‍ ആരോപിച്ചു.
ഈ സ്ഥിതി തുടർന്നാൽ ജനങ്ങൾക്ക് ഭീഷണിയാണ്. രാത്രിയായാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കടുവ ഉള്‍പ്പടെയുള്ള വന്യജീവി ശല്യം തടയാൻ അധികൃതരുടെ ഭാഗത്ത് നിന്നും എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.