ഇടുക്കി : മൂന്നുദിവസമായി ശാന്തൻപാറ പന്നിയാർ നിവാസികൾക്ക് റേഷൻ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സർക്കാരോ അധികൃതരോ അല്ല ഇതിനുപിന്നില്‍. അരി ഇഷ്ട ഭക്ഷണമാക്കിയ കാട്ടാനയാണ് നാട്ടുകാരെ വലയ്ക്കുന്നത്. അരിയോടുള്ള പ്രിയം അരിക്കൊമ്പൻ എന്ന പേരും കാട്ടാനയ്ക്ക് നേടിക്കൊടുത്തു.
നാലുദിവസമായി റേഷൻ അരി എടുക്കാൻ അരിക്കൊമ്പൻ മുടങ്ങാതെ എത്തുന്നുണ്ട്. മൂന്ന് തവണ റേഷൻകട തകർത്ത അരിക്കൊമ്പൻ, മൂന്ന് ചാക്ക് അരി അകത്താക്കി. ഇതോടെ പന്നിയാർ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്കുള്ള റേഷൻ വിതരണം പ്രതിസന്ധിയിലായി.
ALSO READ: Adorable Baby Elephant: അമ്മയ്‌ക്കൊപ്പം ചതുപ്പുനിലങ്ങളില്‍ സാഹസിക യാത്ര; വൈറല്‍ വീഡിയോ കാണാം
പന്നിയാർ എസ്റ്റേറ്റിലെ റേഷൻകടയിൽ പതിവായി എത്തുന്ന കാട്ടാനയാണ് അരിക്കൊമ്പൻ. രാത്രി കാലങ്ങളിൽ എത്തുന്ന അരിക്കൊമ്പൻ റേഷൻകട തകർത്ത് അരി അകത്താക്കും. വീടുകള്‍ തകര്‍ത്തും അരി അകത്താക്കുന്നത് വിനോദമാണ്.
ഇതോടെ പൊറുതിമുട്ടിയിരിക്കുകയാണ് പന്നിയാർ നിവാസികൾ. റേഷൻ വിതരണക്കാരനായ ആന്‍റണിക്ക് കടയുടെ അറ്റകുറ്റ പണികൾ നടത്താനേ സമയമുള്ളൂ. ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്നും ശാശ്വത പരിഹാരം വേണമെന്നതാണ് പന്നിയാർ നിവാസികളുടെ ആവശ്യം.