ഇടുക്കി: ഒരു സ്‌കൂളിലേക്ക് ആദ്യമായി കയറി ചെല്ലുമ്പോള്‍ പലരെയും സ്വീകരിക്കുന്നത് അവിടെയുള്ള ചുവര്‍ ചിത്രങ്ങളും പൂന്തോട്ടങ്ങളുമാണ്. എന്നാല്‍, ഇതിന് പകരമായി വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്വീകരിക്കുന്നത് ചെറിയ കയറുകളില്‍ പടര്‍ന്നുകയറിയ പച്ചക്കറികള്‍ ആണെങ്കിലോ..? ഇടുക്കി കരുണാപുരത്തെ കുഴിത്തോളു ദീപ ഹൈസ്‌കൂള്‍ (Deepa High School Idukki) ആണ് ഇത്തരത്തില്‍ ഒരു വ്യത്യസ്‌ത കാഴ്‌ച ഏവര്‍ക്കും സമ്മാനിക്കുന്നത് (Vegetable Garden In Idukki School).
നേരത്തെ ഇവിടെ ഒരു പൂന്തോട്ടമായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് കാലത്ത് അതിന് വേണ്ട സംരക്ഷണമൊരുക്കാന്‍ സ്കൂള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാധിക്കാതെ പോയി. ഇതോടെ പൂന്തോട്ടവും നശിച്ചു.
ഇങ്ങനെയിരുന്നപ്പോഴാണ് പൂന്തോട്ടത്തിന് സമാനമായി പച്ചക്കറി തോട്ടം ഒരുക്കിയാലോ എന്ന ചിന്ത ഉടലെടുക്കുന്നത്. പിന്നലെ, പൂച്ചെടികള്‍ക്ക് പകരം കൃഷി വിളകള്‍ നട്ട് പരിപാലിക്കാന്‍ തുടങ്ങി. അതിനായി അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങി.
അങ്ങനെ സ്കൂള്‍ മുറ്റത്ത് ജൈവ പച്ചക്കറിയും വിളവെടുത്തു. സ്കൂളിന്‍റെ മുന്നില്‍ ചെറിയ കയറുകളിലായി ബീന്‍സ് പയര്‍ പടര്‍ന്നുപിടിച്ചു. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ പദ്ധതിക്കായി ഇവ ഇന്ന് ഉപയോഗിക്കാറുണ്ട്. കൃഷിവിളകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ അധ്യാപകര്‍ക്കൊപ്പം അനധ്യാപകരും വിദ്യാര്‍ഥികളും ഒത്തുചേരാറുണ്ട്.
ഇന്ന് ശക്തമായ വെയിലുള്ള ദിവസങ്ങളില്‍ എത്തിയാല്‍ പോലും മനസുനിറയ്‌ക്കുന്ന പച്ചപ്പിന്‍റെ കാഴ്‌ചകള്‍ ഇവിടെ കാണാന്‍ സാധിക്കും. സ്കൂള്‍ മുറ്റത്തുള്ള ഈ കൃഷി ഇനിയും കൂടുതല്‍ വിപുലമാക്കണമെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആഗ്രഹം.
Also Read : 'ഈ മരം ആട്ടരുത്, കൂടുണ്ട്, അതിലൊരു പക്ഷിയമ്മയും മുട്ടയുമുണ്ട്' ; സ്‌നേഹക്കരുതലേകി കുട്ടികൾ