ഇടുക്കി: മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്‍റെ ജനവാസ മേഖല ഉള്‍പ്പെട്ട ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി അന്തിമ വിജ്ഞാപനമിറക്കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടിയ്‌ക്കെതിരേ ഇടുക്കി ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു. കര്‍ഷക തൊഴിലാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന ശാന്തൻപാറ പഞ്ചായത്തിലെ ടൗണ്‍ ഉള്‍പ്പെടുന്ന പതിനേഴര ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അന്തിമ വിജ്ഞാപനം അനുസരിച്ച് ബഫര്‍ സോണിലാണ്.
ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലായം ബഫര്‍സോണ്‍ നടപ്പിലാക്കുന്നത് . പത്ത് കിലോമീറ്റര്‍ മുതല്‍ പൂജ്യം വരെയാണ് ബഫര്‍സോണിന് പരിധിയായി നിശ്ചയിച്ചിരുന്നത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വനമേഖല സംരക്ഷിക്കുന്ന കേരളത്തില്‍ ബഫര്‍സോണിന്‍റെ ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ച് സമര്‍പ്പിക്കുകയും പിന്നീട് അന്തിമ വിജ്ഞാപനം ഇറങ്ങുകയുമായിരുന്നു.
ALSO READ: Mullaperiyar dam: മുല്ലപ്പെരിയാർ സുരക്ഷ പുനഃപരിശോധിക്കേണ്ടതില്ല: മന്ത്രി ദുരൈമുരുകൻ
അതേസമയം ദേശീയ ഉദ്യാനത്തിന്‍റെ മറുവശത്തുള്ള തമിഴ്‌നാടിന്‍റെ പ്രദേശങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തിരുന്നു. അന്തിമ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിലാണ് പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍ എംപി കൂടിയായ അഡ്വ. ജോയിസ് ജോർജ് മുഖേനയാണ് പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ശാന്തൻപാറ പഞ്ചായത്തിന്‍റെ പകുതിയോളം വരുന്ന ഭാഗം നിലവില്‍ ബഫര്‍സോണിലാണ്. പട്ടണങ്ങളടക്കം ഉള്‍പ്പെടുന്ന പ്രദേശം ബഫർസോണില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.