ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കിയിലെ രാജകുമാരി ഗ്രാമപഞ്ചായത്തിൽ സ്ഥിരം കോവിഡ് വാക്‌സിനേഷൻ കേന്ദ്രം ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് രാജകുമാരി നോർത്ത് കമ്മ്യൂണിറ്റി ഹാളിൽ വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
നിലവിൽ രാജകുമാരി കുടുംബ ആരോഗ്യ കേന്ദ്രത്തിലാണ് വാക്‌സിനേഷൻ സൗകര്യം ഉള്ളത്. ജന തിരക്കിനെ തുടർന്നാണ് രാജകുമാരി പഞ്ചായത്തിനും സമീപ പഞ്ചായത്തുകൾക്കും ഉപകരിക്കുന്ന രീതിയിൽ വാക്‌സിനേഷൻ കേന്ദ്രം ആരംഭിച്ചത്. രാജകുമാരി നോർത്തിൽ പഞ്ചായത്തിന്‍റെ കീഴിലുണ്ടായിരുന്ന കമ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണികൾ നടത്തി വാക്‌സിനേഷൻ കേന്ദ്രമാക്കി മാറ്റുകയായിരുന്നു.
Also read: കൊവിഡ് മൂന്നാം തരംഗം സെപ്‌റ്റംബറിലെന്ന് ഐഐടി കാൺപൂർ പഠനം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജകുമാരി ഗ്രാമപഞ്ചായത്തിൽ നിരവധി കർമ്മ പദ്ധതികളാണ് നടപ്പിലാക്കിയത്. കോളനികളും വാർഡുകളും കേന്ദ്രീകരിച്ച് വാക്‌സിനേഷൻ ക്യാമ്പുകളും ആന്‍റിജൻ പരിശോധനകളും സംഘടിപ്പിച്ചു. ഹെൽപ്പ് ഡെസ്‌ക്കിനൊപ്പം ആളുകൾക്ക് ആശുപത്രിയിൽ എത്താതെ ഡോക്‌ടറുടെ സേവനം ലഭ്യമാക്കുന്നതിന് ഫാമിലി ഡോക്‌ടർ പദ്ധതിക്ക് രൂപം നൽകി.
പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യവകുപ്പിന്‍റെയും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ 50 ന് മുകളിൽ നിന്നിരുന്ന ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് നാല് ശതമാനത്തിൽ താഴെ എത്തിക്കുവാൻ സാധിച്ചിരുന്നു.