ഇടുക്കി: ജില്ലയിൽ അഞ്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വ്യാപക കൃഷിനാശം. 1284.74 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായി ജില്ലാ കൃഷിവികസന വകുപ്പിന്‍റെ പ്രാഥമിക കണക്ക്. 40 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്തവിധം പാഴ്ഭൂമിയായി മാറി. ബൈസൺവാലി, കൊന്നത്തടി, വെള്ളത്തൂവൽ, ചിന്നക്കനാൽ, ഏലപ്പാറ, രാജകുമാരി, രാജാക്കാട് എന്നീ പഞ്ചായത്തുകളിലാണ് നാശനഷ്ടങ്ങൾ ഏറെയും. വിളകളിൽ ഏത്തവാഴയാണ് കൂടുതൽ നശിച്ചിരിക്കുന്നത്. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
രാജകുമാരി പഞ്ചായത്തിൽ അറുനൂറിലധികം കർഷകരുടെ എട്ട് ഹെക്ടറിലെ ഏത്തവാഴയും,160 ഹെക്ടറിലെ ഏലവും, രണ്ട് ഹെക്ടറിലെ കുരുമുളകും നശിച്ചു. രാജാക്കാട് നാനൂറിലധികം കർഷകരുടെ അഞ്ച് ഹെക്ടർ സ്ഥലത്തെ ഏത്തവാഴ, നാല് ഹെക്ടറിലെ ഏലം, മൂന്ന് ഹെക്ടറിലെ കുരുമുളകും ചിന്നക്കനാലിൽ 350 ഓളം കർഷകരുടെ 100 ഏക്കറിലധികം സ്ഥലത്തെ ഏലം, 10 ഏക്കർ വാഴ, അഞ്ച് ഏക്കർ കുരുമുളക് കൃഷി, പച്ചക്കറികൾ എന്നിവയും നശിച്ചിട്ടുണ്ട്. ഗ്യാപ്പ് ഭാഗത്തെ ഉരുൾപൊട്ടലിനെ തുടർന്ന് കൃഷിയിടങ്ങൾ ഒലിച്ചുപോയതാണ് ചിന്നക്കനാൽ പഞ്ചായത്തിലെ നാശത്തിന് പ്രധാന കാരണം. ഇവിടുത്തെ 40 ഏക്കറിലധികം സ്ഥലം മണ്ണൊലിച്ചും മലമുകളിൽ നിന്നും പാറക്കൂട്ടങ്ങളും ചെളിയും വന്നടിഞ്ഞും കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്തവിധത്തിലായി.
ശാന്തൻപാറ പഞ്ചായത്തിലെ ആയിരത്തിലേറെ കർഷകരുടെ രണ്ട് ഹെക്ടറിലെ കുരുമുളക്, അഞ്ച് ഹെക്ടറിലെ ഏത്തവാഴ എന്നിവ നശിച്ചു. സേനാപതിയിൽ അഞ്ഞൂറിൽപ്പരം കർഷകരുടെ അഞ്ച് ഹെക്ടറിലെ ഏത്തവാഴ, 22 ഹെക്ടറിലെ ഏലം, നാല് ഹെക്ടറിലെ കപ്പ, 12 ഹെക്ടറിലെ കുരുമുളക് എന്നിവയാണ് നശിച്ചിരിക്കുന്നത്. ഇത് വിവിധ കൃഷിഭവനുകളിൽ ലഭിച്ചിരിക്കുന്ന പ്രാഥമിക കണക്ക് മാത്രമാണ്. പ്രതികൂല കാലാവസ്ഥയും ഗതാഗത തടസങ്ങളും മൂലം ഉദ്യോഗസ്ഥർക്ക് നാശനഷ്ടങ്ങൾ സംഭവിച്ച ഇടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുവാൻ കഴിഞ്ഞിട്ടില്ല. വിളവെടുത്തുകൊണ്ടിരുന്ന ഏലം കൃഷിയാണ് നശിച്ചതിൽ ഏറെയും. കാറ്റുമൂലവും, മരങ്ങൾ വീണുമാണ് ഇവയിലേറെയും നശിച്ചിരിക്കുന്നത്.