ഇടുക്കി: കൊവിഡ് കാലത്ത് പുതു പ്രതീക്ഷകളേകി പുഷ്‌പകണ്ടത്തെ മലനിരകളില്‍ കുറിഞ്ഞി പൂക്കാലം എത്തി. കേരള- തമിഴ്നാട് അതിർത്തി മേഖലയിലാണ് വ്യാപകമായി കുറിഞ്ഞി പൂവിട്ടത്. ലോക്ക് ഡൗൺ ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ പുഷ്‌പകണ്ടം സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി ഇതിനോടകം മാറുമായിരുന്നു. സംസ്ഥാനത്തെ ടൂറിസം മേഖല ഉറ്റ് നോക്കിയിരുന്ന 2018ലെ കുറിഞ്ഞി പൂക്കാലം പ്രളയത്തെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാതെ അസ്‌തമിക്കുകയായിരുന്നു. കൊവിഡ് ഭീതിയില്‍ ടൂറിസം മേഖല തകർന്നെങ്കിലും പ്രതീക്ഷയ്ക്കാതെ എത്തിയ വര്‍ണ വിസ്മയം നാളെയുടെ പ്രതീക്ഷയാണ് നല്‍കുന്നത്. തദ്ദേശീയരായ ആളുകള്‍ കുറിഞ്ഞി പൂക്കളുടെ കാഴ്‌ച ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട്.
കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പുഷ്‌പകണ്ടം, അണക്കരമേട് മേഖലകള്‍ വിനോദ സഞ്ചാരത്തിന് വലിയ സാധ്യതകളുള്ള പ്രദേശങ്ങളാണ്. കാറ്റാടി പാടം, തമിഴ്‌നാടിനന്‍റെ വിദൂര ദൃശ്യം, രാമക്കല്‍മേടിന്‍റെ വിദൂര കാഴ്‌ച, ട്രക്കിങ് ജീപ്പ് സഫാരിയുടെ സാധ്യതകളും സഞ്ചാരികളെ ഈ പ്രദേശത്തേക്ക് ആകർഷിക്കുന്നു. രാമക്കല്‍മേട്ടില്‍ എത്തുന്ന നിരവധി സഞ്ചാരികള്‍ ഇവിടെയും എത്താറുണ്ട്. കൊവിഡ് കാലത്താണ് കുറിഞ്ഞി വിരുന്നെത്തിയതെങ്കിലും മേഖലയുടെ ടൂറിസം ഇത് മുതല്‍കൂട്ടാകുമെന്ന് തന്നെയാണ് നാട്ടുകാരുടെ പ്രതീക്ഷ.