ഇടുക്കി: അമിത വൈദ്യുത നിരക്കിനെ തുടര്‍ന്ന് മലയോര മേഖലയിൽ പ്രതിഷേധം ശക്‌തം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജകുമാരി കെഎസ്‌ഇബി സെക്ഷൻ ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു.
അമിത വൈദ്യുതി ചാർജ് പിൻവലിക്കുക, ബിപിഎൽ കുടുബങ്ങൾക്ക് മൂന്ന് മാസത്തെ വൈദ്യുതി ബില്ല് സൗജന്യമാക്കുക, ഉദ്യോഗസ്ഥരുടെ ദാർഷ്‌ട്യം അവസാനിപ്പിക്കുക, പതിവായുള്ള വൈദ്യുതി മുടക്കത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ഡിസിസി അംഗം ഷാജി കൊച്ചുകരോട്ട് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. അഞ്ഞൂറിൽ താഴെ വൈദ്യുതി ബില്ല് ലഭിച്ചിരുന്ന വീടുകളിൽ മഴക്കാലം ആരംഭിച്ചതോടെ വൈദ്യുതി ചാർജ് അഞ്ചക്ക സംഖ്യയായി ഉയർന്നിരിക്കുകയാണ്. കൊവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ജനങ്ങൾ വലയുമ്പോഴാണ് വൈദ്യുതി ചാർജ് പത്തിരട്ടിയോളമായതെന്നും അദ്ദേഹം പറഞ്ഞു.