ഇടുക്കി: ജില്ലയിലെ പ്രധാന തോട്ടം മേഖലയായ മുന്നൂറേക്കറിലേക്കുള്ള റോഡ് നിര്‍മാണത്തിന് തടസം നില്‍ക്കുന്ന വനംവകുപ്പ് നടപടിക്കെതിരെ തോട്ടം തൊഴിലാളികള്‍ രംഗത്ത്. റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വനംവകുപ്പ് തടസം നിന്നാല്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് പ്രതിഷേധിക്കുമെന്ന് തോട്ടം തൊഴിലാളികള്‍ പറഞ്ഞു. രാജാക്കാട്-ബൈസൺവാലി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണിത്.
എന്‍ആര്‍ സിറ്റി മുന്നൂറേക്കര്‍ റോഡ് നിര്‍മിക്കുന്ന വേളയില്‍ വീതി കൂട്ടലിന്‍റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു. എന്നാല്‍ മരംമുറി വിവാദത്തെ തുടര്‍ന്ന് റോഡ് നിര്‍മാണത്തിനായി മരം മുറിച്ചതിന്‍റെ പേരില്‍ വനംവകുപ്പ് പിഡബ്ല്യൂഡി ഉദ്യോഗസ്ഥരെയും കരാറുകാരനെയും പ്രതിയാക്കി കേസെടുത്തു. ഇതോടെ റോഡ് നിര്‍മാണം നിലച്ചു.
മുറിച്ച മരങ്ങള്‍ വനംവകുപ്പ് ലേലം ചെയ്തെങ്കിലും റോഡിന്‍റെ വശങ്ങളിലായി നില്‍ക്കുന്ന മരക്കുറ്റികള്‍ പിഴുത് മാറ്റാന്‍ അനുമതി നല്‍കിയില്ല. റോഡിന്‍റെ ഇരുവശത്തും ടാറിങ് ജോലികള്‍ പൂര്‍ത്തിയായപ്പോളും മധ്യഭാഗത്തുള്ള 700 മീറ്റര്‍ റോഡില്‍ ചളി നിറഞ്ഞ് കാല്‍നട യാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വനംവകുപ്പിനെതിരെ പ്രതിഷേധവുമായി തോട്ടം തൊഴിലാളികള്‍ രംഗത്തെത്തിയത്.