ഇടുക്കി: വിളവെടുപ്പിന് ഏതാനും നാളുകള്‍ മാത്രം ശേഷിക്കെ കുരുമുളക് വിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകാത്തതില്‍ കര്‍ഷകര്‍ നിരാശയില്‍. അടിമാലി മേഖലയില്‍ 330 വരെയാണ് കുരുമുളക് വില. 700 ന് മുകളില്‍ നിന്നും വില താഴേക്ക് പതിച്ചിട്ട് നാളുകളേറെയായി.
വിലയിടിവിനൊപ്പം കുരുമുളക് ചെടികളിലെ രോഗബാധയും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ഇലകള്‍ മഞ്ഞളിച്ച് കൊഴിഞ്ഞ് തണ്ടുകള്‍ കരിഞ്ഞുണങ്ങി ചെടി നശിക്കാന്‍ കുറഞ്ഞ ദിവസങ്ങള്‍ മതി. നല്ല കായ്‌ഫലം നല്‍കിയിരുന്ന കുരുമുളക് ചെടികള്‍ പോലും ദിവസങ്ങള്‍ക്കുള്ളില്‍ കരിഞ്ഞുണങ്ങും.
വിളവെടുപ്പ് ആരംഭിച്ച് കൂടുതല്‍ കുരുമുളക് വിപണിയിലേക്കെത്തിയാല്‍ വില വീണ്ടും ഇടിയുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. വിളവെടുപ്പിന്‍റെ തുടക്കകാലത്തെങ്കിലും മെച്ചപ്പെട്ട വില ലഭിച്ചാല്‍ മാത്രമെ കര്‍ഷകര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ മുമ്പോട്ട് പോകാനാകൂ.