ഇടുക്കി: പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുൻപ് പാറത്തോട്ടിലെ വ്യാപാരികൾ ചേർന്ന് അന്‍പത് സെന്‍റ് സ്ഥലം ബസ്സ്റ്റാൻഡ് നിർമിക്കുന്നതിനായി സംഭാവന നൽകിയെങ്കിലും നാളിതുവരെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പാറത്തോട്ടിൽ ബസ്സ്റ്റാൻഡ് നിർമിക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല. വളരെയധികം ഗതാഗത പ്രശ്‌നങ്ങളാണ് പാറത്തോട് ടൗൺ നേരിടുന്നത്. റോഡിൽ ബസ് നിർത്തി ആളുകളെ കയറ്റുന്നതുമൂലം ടൗണിൽ ഗതാഗത കുരുക്ക് ഉണ്ടാവുന്നതും നിത്യ സംഭവമാണ്. ഇതിനൊരു പരിഹാരമെന്നോണമാണ് പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുൻപ് ബസ്സ്റ്റാന്‍ഡ് നിർമിക്കുന്നതിനായി ടൗണിനോട് ചേർന്ന് സ്ഥലം വാങ്ങി വ്യാപാരികൾ പഞ്ചായത്തിന് കൈമാറിയത്. എന്നാൽ കഴിഞ്ഞ പതിനെട്ടു വർഷങ്ങളായിട്ടും ഗ്രാമപഞ്ചായത്ത് പാറത്തോട്ടിൽ ബസ്സ്റ്റാൻഡ് നിർമിക്കുവാൻ നടപടി സ്വീകരിച്ചിട്ടില്ല.
വ്യാപാരികൾ നൽകിയ സ്ഥലത്ത് ചുറ്റും കല്ല് കെട്ടിയതൊഴിച്ചാൽ മറ്റു നിർമാണപ്രവർത്തനങ്ങൾ ഒന്നുംതന്നെ നടത്തിയിട്ടില്ല. പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തതിനു ശേഷം നാളിതുവരെ നിർമാണ പ്രവർത്തങ്ങൾ ആരംഭിക്കാത്തതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്
അടിയന്തിരമായി പാറത്തോട്ടിൽ ബസ് സ്റ്റാന്‍ഡ് നിർമിച്ച് ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെയും പൊതുജങ്ങളുടെയും ആവശ്യം.