ഇടുക്കി: അണക്കര ചെല്ലാർകോവിലിൽ തമിഴ്‌നാട് വനപാലകരെ ആക്രമിച്ച നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. കുമളി ഓടമേട് സ്വദേശി സോജൻ ജോസഫാണ് (35) തമിഴ്‌നാട് പൊലീസിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഓടമേടുള്ള സോജന്‍റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.
ജൂൺ 30ന് തമിഴ്‌നാട് അതിർത്തി മേഖലയായ ചെല്ലാർകോവിലിലാണ് സംഭവം. വനമേഖലയിൽ രാത്രികാല പട്രോളിങിന് എത്തിയ തമിഴ്‌നാട് വനപാലകർക്ക് മുന്നിൽ എത്തിപ്പെട്ട നായാട്ട് സംഘം ഉദ്യോഗസ്ഥർക്ക് നേരെ തോക്കുചൂണ്ടുകയായിരുന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥരും നായാട്ട് സംഘവുമായി പിടിവലിയായി. സംഘർഷത്തിനിടെ വെടി പൊട്ടിയെങ്കിലും ആർക്കും വെടിയേറ്റില്ല. ഇതിനിടെ സംഘത്തിൽപെട്ട ഒരാൾ വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ രണ്ട് വനപാലകർക്ക് പരിക്കേറ്റു. തുടർന്ന് വനപാലകരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായാട്ട് സംഘത്തിൽ നിന്നും തോക്ക്, മാൻകൊമ്പ്, മറ്റ് ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഈ സംഘത്തിൽ ഏഴിലധികം ആളുകൾ ഉണ്ടായിരുന്നതായി വനപാലകർ അറിയിച്ചു. ഇതിൽ ഉൾപ്പെട്ട ഒരാളെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.