ഇടുക്കി: 2018ലെ കുറിഞ്ഞി പൂക്കാലം പ്രളയം എടുത്തതോടെ നിരാശയിലായിരുന്നു കേരളത്തിലും പുറത്തുമുള്ള സഞ്ചാരികൾ. എന്നാല്‍ കൊവിഡ് കാലത്ത് ടൂറിസം മേഖല നേരിടുന്ന തകർച്ചയ്ക്കിടെ അപ്രതീക്ഷിതമായി പലയിടങ്ങളിലും കുറിഞ്ഞി പൂക്കൾ വിടരുന്നത് പ്രതീക്ഷ നല്‍കുന്നു. മനുഷ്യൻ പ്രകൃതിയില്‍ വരുത്തിയ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമൊക്കെ കുറിഞ്ഞി പൂക്കളുടെ വളർച്ചയ്ക്ക് തന്നെ തിരിച്ചടിയാണ്. ഇതിനിടിയിലാണ് കേരളത്തിലെ പല ഭാഗങ്ങളിലും കാലം തെറ്റി കുറിഞ്ഞി പൂക്കുന്നത്.
ഇടുക്കി ശാൻന്തപാറ പഞ്ചായത്ത് എസ്റ്റേറ്റിലെ പൂപ്പാറ കരിമാങ്കരയിലെ താമസക്കാരനായ സജീഷും കുടുംബവും വീട്ടുമുറ്റത്ത് കുറിഞ്ഞി പൂവിട്ടതിന്‍റെ സന്തോഷത്തിലാണ്. പത്ത് വർഷങ്ങൾക്ക് മുൻപാണ് വീട്ട് മുറ്റത്തിനരികലായി സജീഷ് നീലക്കുറിഞ്ഞിയുടെ ചെടി നട്ടത്. തന്‍റെ തോട്ടത്തില്‍ നിന്ന് കിട്ടിയ കുറിഞ്ഞി ചെടിയുടെ ഉണങ്ങിയ ഭാഗമാണ് വീടിന് അരികില്‍ നട്ട് പരിപാലിച്ചതെന്ന് സജീഷ് പറഞ്ഞു. പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിന് മുകളിലായി ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ മാത്രം കാണപ്പെടുന്ന നീലക്കുറിഞ്ഞികൾ വീട്ടുമുറ്റത്ത് പൂവിട്ടപ്പോൾ നിരവധി പേരാണ് കാണാനെത്തുന്നത്. 12 വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞി വീട്ടുമുറ്റത്ത് പൂവിട്ടതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെയാണ് കുറിഞ്ഞി വസന്തം കാണാൻ നിരവധി ആളുകൾ എത്തുന്നതെന്നും സജീഷ് പറഞ്ഞു.