ഇടുക്കി: ജാതിയുടെ പേരില്‍ പ്രസിഡന്‍റ് പദവിയില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവുമായി ഇടുക്കി നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് അംഗം. സിപിഐ ഉടുമ്പന്‍ചോല നിയോജകമണ്ഡലം നേതൃത്വത്തിനെതിരെയാണ് ഗ്രാമ പഞ്ചായത്ത് അംഗവും സിപിഐ പ്രവര്‍ത്തകയുമായ വിജയലക്ഷ്‌മി ഇടമന രംഗത്ത് എത്തിയിരിക്കുന്നത്. മുന്നണി ധാരണ പ്രകാരം നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സിപിഐയിലെ ലേഖ ത്യാഗരാജന്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപെട്ടു.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്‍റ് പദവി സിപിഎമ്മിന് 24 മാസവും, സിപിഐയ്‌ക്ക് 20 മാസവും, കേരള കോണ്‍ഗ്രസ് എമ്മിന് 16 മാസവുമെന്നാണ് എല്‍ഡിഎഫിലെ ധാരണ. പ്രസിഡന്‍റായിരുന്ന സിപിഎമ്മിലെ ശോഭന വിജയന്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ലിസി ദേവസ്യയെ എട്ടിനെതിരെ 14 വോട്ടുകള്‍ക്ക് പരാജയപെടുത്തിയാണ് സിപിഐയിലെ ലേഖ ത്യാഗരാജന്‍ പ്രസിഡന്‍റായത്. മുന്‍ ധാരണ പ്രകാരം പ്രസിഡന്‍റ് പദവി തനിക്കാണ് സിപിഐ നിശ്ചയിച്ചിരുന്നതെന്നാണ് വിജയലക്ഷ്‌മി ഇടമനയുടെ ആരോപണം.
എന്നാല്‍ അവസാന നിമിഷം ലേഖ ത്യാഗരാജനെ പ്രസിഡന്‍റാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. നായര്‍ സമുദായ അംഗമായതിനാലാണ് അര്‍ഹത പെട്ട പദവിയില്‍ നിന്നും ഒഴിവാക്കിയതെന്നും ജാതിയുടെ പേരില്‍ എല്‍ഡിഎഫ് മീറ്റിംഗുകളില്‍ ഒറ്റപെടുത്തിയിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. കഴിഞ്ഞ മണ്ഡലം തെരഞ്ഞൈടുപ്പിലെ ചില ചരടുവലികള്‍ക്ക് തന്നെ കരുവാക്കിയിരുന്നതായും മണ്ഡലം സെക്രട്ടറി തനിക്ക് പ്രസിഡന്‍റ് പദവി ഉറപ്പ് നല്‍കിയിരുന്നെന്നും വിജയലക്ഷ്‌മി ആരോപിച്ചു.
പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 18ന് ശേഷം താനും 30 പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്നും രാജിവയ്‌ക്കുമെന്നും വിജയലക്ഷ്‌മി പറഞ്ഞു. ഒന്നര പതിറ്റാണ്ടിലധികമായി പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകയായ അംഗത്തിന്‍റെ ആരോപണങ്ങള്‍ സിപിഐയുടെ പ്രാദേശിക രാഷ്‌ട്രീയത്തില്‍ വലിയ തിരിച്ചടിയാകും.