ഇടുക്കി: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് രാജകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ഥിനി ഉണ്ണിമായ സജീവന്. ബിഎസ്‌സി ബയോടെക്‌നോളജി വിഭാഗത്തിലാണ് ഉണ്ണിമായ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കോട്ടയം രാമപുരം മാർ അഗസ്ത്യനോസ് കോളജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. കര്‍ഷകനായ കാരക്കാട്ട് സജീവൻ രജനി ദമ്പതികളുടെ മകളാണ്.
സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ പഠനത്തിൽ മുന്നിലായിരുന്നു ഉണ്ണിമായ. എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളില്‍ ഉന്നത വിജയം സ്വന്തമാക്കി. ക്ലാസില്‍ പൂര്‍ണമായി ശ്രദ്ധിക്കുന്നതിന് പുറമെ ദിവസേന വൈകീട്ട് ആറ് മുതൽ രാത്രി 11 വരെ പഠനത്തിനായി മാറ്റിവെക്കാറുണ്ടെന്ന് ഉണ്ണിമായ പറയുന്നു. ശാസ്ത്രജ്ഞയാകാൻ ആഗ്രഹിക്കുന്ന ഉണ്ണിമായയുടെ അടുത്ത ലക്ഷ്യം എം.എസ്‌സി ബയോടെക്‌നോളജിയാണ്.
പഠനത്തിന് പുറമെ ചിത്രകലയിലും മികവുതെളിയിച്ച ഉണ്ണിമായയുടെ ഇഷ്‌ട മാധ്യമം പെന്‍സിലാണ്. പെൻസിൽ ഡ്രോയിംഗിലൂടെ നിരവധി ചിത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. സ്റ്റിക്കർ കട്ടിംഗ് ജോലി ചെയ്യുന്ന പിതാവിൽനിന്നും പകർന്നു കിട്ടിയ കലാഭിരുചി പഠനത്തോടൊപ്പം തന്നെ നെഞ്ചോട് ചേർക്കുകയാണ് ഉണ്ണിമായ.