ഇടുക്കി: ജില്ലയിലെ ഹോട്ടലുകൾക്കെതിരെ ഗുരുതര ആരോപണം. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷ ബാധ ഉണ്ടാകുകയും ചികിത്സയ്ക്കായി ലക്ഷങ്ങള്‍ മുടക്കേണ്ടി വന്നതായുമാണ് ആരോപണം. ഹോട്ടലുകളിലും ഫുഡ് പ്രോസസിംഗ് യൂണിറ്റുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
തൂക്കുപാലം തേര്‍ഡ്ക്യാമ്പ് സ്വദേശിയായ കിഴക്കേ മുറി സിബിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു മാസം മുന്‍പ് ഇയാള്‍ തൂക്കുപാലത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുകയും ഉടന്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപെടുകയുമായിരുന്നു. ഛര്‍ദിയും വയറിളക്കവും വര്‍ധിച്ചതോടെ നെടുങ്കണ്ടത്ത് ചികിത്സ തേടുകയും ചെയ്‌തു. എന്നാല്‍ പിന്നീട് രോഗം മൂര്‍ശ്ചിക്കുകയും സിബിയുടെ സംസാര ശേഷി നഷ്‌ടപെടുകയും ചെയ്‌തു. തുടര്‍ന്ന് എറണാകുളം രാജഗിരിയില്‍ വിദഗ്‌ധ ചികിത്സ തേടി. ഭക്ഷ്യ വിഷബാധ തലച്ചോറിലേക്ക് ബാധിച്ച അവസ്ഥയിലായിരുന്നുവെന്ന് സിബി പറയുന്നു.
ഏകദേശം എട്ട് ലക്ഷത്തോളം രൂപയാണ് സിബി ചികിത്സയ്ക്കായി ചെലവഴിച്ചത്. കൊവിഡ് പശ്ചാതലത്തില്‍ ഹോട്ടലുകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് തയ്യാറാവുന്നില്ലെന്നാണ് സിബിയുടെ ആരോപണം. ഗുണനിലവാരം കുറഞ്ഞ എണ്ണയും അനുബന്ധ ഉത്പനങ്ങളും ഉപയോഗിച്ചാണ് പല സ്ഥാപനങ്ങളിലും ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്നതെന്നും പഴകിയ സാധനങ്ങള്‍ വിൽപന നടത്തുന്നതായും സിബി ആരോപിച്ചു.